പ്യോങ്യാങ്: കര്‍ശന നിയന്ത്രണങ്ങളും വിലക്കുകളും നിയമങ്ങളുമുള്ള രാജ്യങ്ങളിലൊന്നാണ് ഉത്തര കൊറിയ. ഏകാധിപതി കിം ജോങ് ഉന്നിന്റെ കഠിന നിയമങ്ങള്‍ ലംഘിച്ചാല്‍ കനത്ത ശിക്ഷ നേരിടേണ്ടതായും വരും.
എന്നാല്‍ കിമ്മിന്റെയും കിങ്കരന്‍മാരുടെയും കണ്ണ് വെട്ടിച്ച് മറ്റൊരു കിം കുടുബം രാജ്യത്തു നിന്ന് രക്ഷപ്പെട്ടതിന്റെ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. പത്ത് വര്‍ഷം രഹസ്യമായി നടത്തിയ കഠിന ശ്രമങ്ങള്‍ക്കൊടുവിലാണ് ഒമ്പതംഗ കുടുംബം രാജ്യം വിട്ടത്.
2023 മെയ് ആറിന് രാത്രിയിലാണ് ഒന്‍പതംഗ കിം കുടുംബം ഉത്തര കൊറിയന്‍ തീരത്തു നിന്ന് ഒരു ചെറുബോട്ടില്‍ രാജ്യം വിട്ടത്. രണ്ട് മണിക്കൂര്‍ തുഴഞ്ഞ് ഉത്തര കൊറിയയ്ക്കും ദക്ഷിണ കൊറിയയ്ക്കും ഇടയിലുള്ള തര്‍ക്ക സമുദ്ര അതിര്‍ത്തിയായ നോര്‍ത്തേണ്‍ ലിമിറ്റ് ലൈന്‍ സുരക്ഷിതമായി കടക്കുകയായിരുന്നു.
രക്ഷപ്പെടുന്നതിനായി ആദ്യം പദ്ധതിയിട്ടതും കടല്‍ മാര്‍ഗം രക്ഷപ്പെടാമെന്ന് നിര്‍ദേശിച്ചതും കുടുംബത്തിലെ ഗൃഹനാഥനാണ്. എന്നാല്‍ പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍പ് അദേഹം മരണപ്പെട്ടു. തുടര്‍ന്ന് മക്കളായ കിം ഇല്‍ ഹ്യോക്കും കിം യി ഹ്യോക്കും പദ്ധതിയുമായി മുന്നോട്ടു പോയി. രക്ഷപ്പെടുമ്പോള്‍ പിതാവിന്റെ മൃതദേഹവും ഇവര്‍ ഒപ്പം കൊണ്ടുപോയിരുന്നു.
പദ്ധതി പ്രകാരം കിം യി ഹ്യോക് തീരത്തേക്ക് താമസം മാറി. മീന്‍ പിടിക്കാന്‍ പഠിച്ചു. സ്വന്തമായി ഒരു ബോട്ട് വാങ്ങി. കൈക്കൂലി നല്‍കി പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരുമായി രഹസ്യമായി ബന്ധം സ്ഥാപിച്ചു. കനത്ത പട്രോളിങ്് ഉള്ള അതിര്‍ത്തി ജലാശയങ്ങളിലേക്ക് മത്സ്യത്തൊഴിലാളികളായി വേഷമിട്ട് സഹോദരന്മാര്‍ ആവര്‍ത്തിച്ച് യാത്ര ചെയ്തു. അങ്ങനെ പട്രോളിങ് പാറ്റേണുകള്‍ നിരീക്ഷിച്ചു.
സംഭവദിവസം രാത്രിയില്‍ ഉത്തര കൊറിയയിലുടനീളം വീശിയ വസന്തകാല കൊടുങ്കാറ്റ് അവര്‍ കാത്തിരുന്ന സാഹചര്യങ്ങള്‍ ഒരുക്കി. കൊടുങ്കാറ്റ് മൂലം റഡാറിന്റെ ദൃശ്യപരത കുറഞ്ഞിരുന്നു. പട്രോളിങും മന്ദഗതിയിലായിരുന്നു. ഇത് മുതലെടുത്ത് സഹോദരന്മാര്‍ കാവല്‍ക്കാര്‍ക്ക് കൈക്കൂലി നല്‍കിയാണ് യാത്ര തിരിച്ചത്.
അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന കിം ഇല്‍ ഹ്യോക്കിന്റെ ഭാര്യ ഉള്‍പ്പെടെയുള്ള സംഘത്തിലെ സ്ത്രീകള്‍ക്ക് ആദ്യം കാല്‍നടയായി ഒരു മൈന്‍ഫീല്‍ഡ് കടക്കേണ്ടി വന്നിരുന്നു. വളരെ മുമ്പുതന്നെ വഴി മനപാഠമാക്കിയായിരുന്നു നടത്തം. നാലും ആറും വയസുള്ള രണ്ട് കൊച്ചുകുട്ടികളെ ചാക്കുകളിലാക്കി ഒളിപ്പിച്ചായിരുന്നു യാത്ര.
തുടര്‍ന്ന് ബോട്ടില്‍ കയറിയ സംഘം റഡാറില്‍ അവശിഷ്ടങ്ങള്‍ ഒഴുകി നീങ്ങുന്നത് പോലെ തോന്നിപ്പിക്കാന്‍ പാകത്തിനാണ് സഞ്ചരിച്ചത്. ആരും സംസാരിച്ചില്ല. മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍ക്കുശേഷം ഒടുവിലവര്‍ ദക്ഷിണ കൊറിയയിലെ യോണ്‍പ്യോങ് ദ്വീപിലെത്തി.
ദക്ഷിണ കൊറിയന്‍ നാവിക കപ്പല്‍ അവരെ രക്ഷിച്ചു. എന്നാല്‍ 19 മാസങ്ങള്‍ക്ക് ശേഷം ഒരു സ്‌കൂബ ഡൈവിങ് അപകടത്തില്‍ കിം യി ഹ്യോക് മരണപ്പെട്ടു. കില്‍ ഇല്‍ ഹ്യോക് ദക്ഷിണ കൊറിയയില്‍ ഓഫീസറായി പരിശീലനം നേടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.