ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ തിരക്കിട്ട നയതന്ത്ര ചര്‍ച്ചകളുമായി തുര്‍ക്കിയും ഈജിപ്തും മറ്റ് ഗള്‍ഫ് രാജ്യങ്ങളും. ഇറാനുമായി ഈ രാജ്യങ്ങളുടെ പ്രതിനിധികള്‍ വീണ്ടും സംസാരിച്ചു.
അതിനിടെ ഇറാന്റെ നിലപാടില്‍ നേരിയ അയവ് ദൃശ്യമായി. ഇനി ആക്രമണമുണ്ടാകില്ലെന്ന ഉറപ്പ് അമേരിക്ക നല്‍കിയാല്‍ ഹോര്‍മൂസ് തുറക്കുന്നതും ആണവ സമ്പുഷ്ടീകരണത്തില്‍ ചര്‍ച്ച നടത്തുന്നതും പരിഗണിക്കാമെന്നാണ് ഇറാന്റെ നിലപാട്. അതിനിടെ ഇറാന്റെ പുതിയ നിര്‍ദേശങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി ട്രംപ് ചര്‍ച്ച ചെയ്‌തെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലെവിറ്റ് പറഞ്ഞു.
അതിനിടെ ഇറാനെതിരായ കടുത്ത വിമര്‍ശനവും നിലപാടും തുടരുകയാണ് യുഎഇ. യുഎഇക്ക് നേരെയുള്ള കടുത്ത ആക്രമണത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണവും തീരുമാനവുമുണ്ടെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് ആവര്‍ത്തിച്ചു. മേഖലയില്‍ കാര്യമായ വഴിത്തിരിവാണ് ഈ ആക്രമണമെന്നും മുന്‍പുണ്ടായിരുന്ന രീതികളും സമീപനങ്ങളും മാറുമെന്നും അദേഹം മുന്നറിയിപ്പ് നല്‍കി.
അനിവാര്യമായ ഘട്ടത്തിലും പ്രതിസന്ധിയെ നേരിടാനുള്ള യോജിച്ച ഇടപെടലുകളില്‍ ജിസിസിയിലെ ഐക്യം ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും അറബ് ലീഗ് നേതൃത്വം പ്രതീക്ഷയ്‌ക്കൊത്തു പ്രവര്‍ത്തിച്ചില്ലെന്നും ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. മേഖലയുടെ സ്ഥിരതയും പൊതു താല്‍പര്യവും സംരക്ഷിക്കുന്നതില്‍ അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പ്രാധാന്യവും അദേഹം എടുത്തു പറഞ്ഞു.
അതേസമയം ഇറാന്റെ ആക്രമണത്തിന് പിന്നാലെയുള്ള തുടര്‍ നടപടികളുടെ ഭാഗമായി ബഹ്‌റിന്‍ 69 പേരുടെ പൗരത്വം റദ്ദാക്കി. പൗരത്വം റദ്ദാക്കപ്പെട്ടവരുടെ പട്ടികയും പേരുകള്‍ സഹിതം പുറത്തുവിട്ടു. രാജകീയ ഉത്തരവ് പ്രകാരമാണ് നടപടി.
ബഹ്‌റിന്‍ ആക്രമണം നേരിട്ട സമയത്ത് രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും സുരക്ഷയും സ്ഥിരതയും അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തവരെന്ന് കണ്ടെത്തിയാണ് നടപടി. ബഹ്‌റിന്‍ പൗരത്വം ലഭിച്ചവര്‍ക്ക് അതിന്റേതായ കടമകളുണ്ടെന്ന് ഓര്‍മപ്പെടുത്തുന്നത് കൂടിയാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.