സിഡ്നി: ലോകത്തിന് മാതൃകയായി ഗർഭാശയ ഗള കാൻസറിനെ (സെർവിക്കൽ കാൻസർ) പൂർണമായും ഇല്ലാതാക്കുന്ന ആദ്യ രാജ്യമാകാനൊരുങ്ങി ഓസ്‌ട്രേലിയ. ശാസ്ത്രീയമായ പ്രതിരോധ മാർഗങ്ങളിലൂടെയും വിപുലമായ വാക്സിനേഷൻ പദ്ധതികളിലൂടെയും 2035 ഓടെ ഈ ലക്ഷ്യം കൈവരിക്കാനാണ് രാജ്യം ഒരുങ്ങുന്നത്.
ഗർഭാശയ ഗള കാൻസറിന് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെ (എച്ച്.പി.വി) പ്രതിരോധിക്കാൻ 2006 ൽ യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്‌ലാന്റിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച 'ഗാർഡാസിൽ' വാക്സിനാണ് ഈ മുന്നേറ്റത്തിൽ നിർണായകമായത്. പ്രൊഫ. ഇയാൻ ഫ്രേസർ, ഡോ. ജിയാൻ ഷൗ എന്നിവർ ചേർന്നാണ് ഈ പ്രതിരോധമരുന്ന് വികസിപ്പിച്ചത്. ലോകമെമ്പാടുമുള്ള സ്ത്രീകളെ ബാധിക്കുന്ന നാലാമത്തെ വലിയ കാൻസറായ ഇതിനെ വാക്സിനേഷനിലൂടെ ഫലപ്രദമായി തടയാനാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
2007 ൽ എച്ച്.പി.വി വാക്സിനേഷൻ ദേശീയ പദ്ധതിയായി നടപ്പിലാക്കിയ ആദ്യ രാജ്യമായി ഓസ്‌ട്രേലിയ മാറി. 2013 മുതൽ ആൺകുട്ടികളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി. വാക്സിനേഷന്റെ ഫലമായി രോഗബാധയിൽ ഗണ്യമായ കുറവുണ്ടായി. 2021-ൽ 25 വയസിൽ താഴെയുള്ള സ്ത്രീകളിൽ ഒരു പുതിയ കേസ് പോലും റിപ്പോർട്ട് ചെയ്തില്ലെന്നത് ശ്രദ്ധേയമാണ്.
2017 ൽ പരിശോധനാ രീതികളിൽ വരുത്തിയ മാറ്റം രോഗനിർണയം കൂടുതൽ കൃത്യമാക്കി. പാപ് സ്മിയറിന് പകരം എച്ച്.പി.വി അടിസ്ഥാനമാക്കിയുള്ള സ്ക്രീനിംഗും സ്ത്രീകൾക്ക് സ്വയം സാമ്പിൾ ശേഖരിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയത് വിപ്ലവകരമായ മാറ്റമായി.
ലക്ഷം പേരിൽ രോഗബാധിതരുടെ എണ്ണം നാലിൽ താഴെയാകുന്നതിനെയാണ് രോഗം തുടച്ചുനീക്കിയതായി കണക്കാക്കുന്നത്. നിലവിൽ ഓസ്‌ട്രേലിയയിൽ ഇത് 6.3 ആണ്. 2035 ഓടെ ലക്ഷ്യം പൂർത്തിയാക്കാനാകുമെന്ന് കരുതുന്നുണ്ടെങ്കിലും അതിന് മുൻപേ ഈ നേട്ടം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
നേട്ടങ്ങൾക്കിടയിലും തദ്ദേശീയരായ ആദിവാസി വിഭാഗങ്ങൾക്കിടയിലെ ഉയർന്ന മരണനിരക്ക് രാജ്യത്തിന് വലിയ വെല്ലുവിളിയാണ്. ഈ വിഭാഗങ്ങളിൽ രോഗം തുടച്ചുനീക്കാൻ 2035 ന് ശേഷം 12 വർഷം കൂടി എടുത്തേക്കാം.
ആഗോളതലത്തിൽ സ്വീഡൻ, റുവാണ്ട, യു.കെ എന്നീ രാജ്യങ്ങളും ഈ ലക്ഷ്യത്തിനായി മത്സരിക്കുന്നുണ്ടെങ്കിലും വികസ്വര രാജ്യങ്ങൾക്കുള്ള സഹായങ്ങൾ അമേരിക്ക നിർത്തലാക്കിയത് തിരിച്ചടിയായേക്കാം. നിലവിൽ വാനുവാട്ടു, പാപ്പുവ ന്യൂഗിനിയ തുടങ്ങിയ പസഫിക് രാജ്യങ്ങളെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഓസ്‌ട്രേലിയ സഹായിച്ചു വരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.