ന്യൂഡല്‍ഹി: രണ്ടാഴ്ചത്തെ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയിലെത്തി. എന്നാല്‍ ഒരക്ഷരം പോലും അദേഹം മിണ്ടിയില്ല. വന്ദേമാതരം പാടി പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തില്‍ യുവാക്കള്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ അമിത് ഷാ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നെങ്കിലും സഭാ സമ്മേളനത്തിന്റെ അവസാന ദിവസമാണ് അദേഹം എത്തിയത്. മാത്രമല്ല, സഭയില്‍ യാതൊരുവിധ ചര്‍ച്ചകളോ വിശദീകരണങ്ങളോ ഉണ്ടായില്ല. സഭ ചേര്‍ന്ന ഉടന്‍തന്നെ ചര്‍ച്ചകളില്ലാതെ വന്ദേമാതരം ആലപിച്ച് സഭ പിരിയുകയായിരുന്നു
സഭയ്ക്കുള്ളില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ നേര്‍ക്കുനേര്‍ വരികയും പുറത്ത് മകര്‍ ദ്വാറിന് മുന്‍പില്‍ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. നീറ്റ് വിഷയത്തില്‍ വിദ്യാര്‍ഥി സമരങ്ങളോടും പൊലീസ് നടപടികളോടും സര്‍ക്കാര്‍ മുഖം തിരിക്കുകയാണെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയില്‍ നിന്ന് ഒളിച്ചോടുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
സഭ തുടങ്ങിയ അന്നും അവസാന ദിവസവും മാത്രമാണ് പ്രധാനമന്ത്രിയെ സഭയില്‍ കണ്ടതെന്നും പ്രതിപക്ഷ പ്രതിഷേധങ്ങളോട് അദ്ദേഹം മൗനം പാലിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. സഭയില്‍ ബഹളമായതിനാല്‍ അമിത് ഷാ എത്തില്ലെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം അദ്ദേഹം സഭയിലെത്തുകയായിരുന്നു.
എന്നാല്‍ ചര്‍ച്ചകള്‍ പ്രതീക്ഷിച്ച പ്രതിപക്ഷത്തിന് നിരാശയായിരുന്നു ഫലം. ഒടുവില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെയും പ്രസ്താവനകള്‍ നടത്താതെയും സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.