സ്ഥാനാരോഹണ വാർഷികം ആഘോഷിക്കാൻ ലിയ പാപ്പ പോംപെയിലേക്ക്; മെയ് എട്ടിന് ജപമാല രാജ്ഞിയുടെ സന്നിധിയിൽ വിശുദ്ധ കുർബാന അർപ്പിക്കും

സ്ഥാനാരോഹണ വാർഷികം ആഘോഷിക്കാൻ ലിയ പാപ്പ പോംപെയിലേക്ക്; മെയ് എട്ടിന് ജപമാല രാജ്ഞിയുടെ സന്നിധിയിൽ വിശുദ്ധ കുർബാന അർപ്പിക്കും

വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പ തന്റെ സ്ഥാനാരോഹണത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇറ്റലിയിലെ വിശ്വപ്രസിദ്ധമായ പോംപെ തീർത്ഥാടന കേന്ദ്രം സന്ദർശിക്കുന്നു. മെയ് എട്ടിന് നടക്കുന്ന ഈ സന്ദർശനം ആഗോള സഭയ്ക്കും ഇറ്റാലിയൻ വിശ്വാസി സമൂഹത്തിനും വലിയ ആത്മീയ ഉണർവ് നൽകുന്നതാണെന്ന് പോംപെ ആർച്ച് ബിഷപ്പ് തോമാസോ കപൂട്ടോ പ്രസ്താവിച്ചു.

മെയ് എട്ടിന് രാവിലെ 10.30-ന് പോംപെ തീർത്ഥാടനാലയത്തിന് മുന്നിലെ ചത്വരത്തിൽ പാപ്പ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെ സന്ദർശന പരിപാടികൾ ആരംഭിക്കും. ലക്ഷക്കണക്കിന് വിശ്വാസികൾ ഈ ശുശ്രൂഷയിൽ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുർബാനയ്ക്ക് ശേഷം, 1883 ൽ വി. ബാർട്ടോലോ ലോംഗോ രചിച്ച പ്രസിദ്ധമായ ‘സപ്ലിക്ക’ പ്രാർത്ഥനയ്ക്ക് പരിശുദ്ധ പിതാവ് നേതൃത്വം നൽകും.

കേവലം ഒരു സന്ദർശനത്തിനപ്പുറം സഭയുടെ കാരുണ്യമുഖത്തിന് ഊന്നൽ നൽകുന്നതാണ് പാപ്പയുടെ പോംപെ യാത്ര. രോഗികൾ, ഭിന്നശേഷിക്കാർ, വയോധികർ എന്നിവരുമായി പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തും. സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ‘ടെമ്പിൾ ഓഫ് ചാരിറ്റി’ പ്രതിനിധികളെ കണ്ട് പാപ്പ പ്രവർത്തനങ്ങൾ വിലയിരുത്തും.

തന്റെ സ്ഥാനാരോഹണ വാർഷികം ആഘോഷിക്കാൻ പാപ്പ പോംപെ തിരഞ്ഞെടുത്തത് സവിശേഷമായ ഒരു സമ്മാനമാണെന്ന് ആർച്ച് ബിഷപ്പ് തോമാസോ കപൂട്ടോ പറഞ്ഞു. നമ്മുടെ സമൂഹം പ്രാർത്ഥനാ പാഠശാലയായും സമാധാനത്തിന്റെ കോട്ടയായും മാറാൻ പാപ്പയുടെ സാന്നിധ്യം സഹായിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.

2015 ൽ ഫ്രാൻസിസ് മാർപാപ്പ നടത്തിയ സന്ദർശനത്തിന് 11 വർഷങ്ങൾക്ക് ശേഷമാണ് ലിയോ പതിനാലാമൻ മാർപാപ്പ പോംപെയിലെത്തുന്നത്. 1979 ൽ വിശുദ്ധ ജോൺ പോൾ രണ്ടാമനാണ് പോംപെ സന്ദർശിച്ച ആദ്യ മാർപാപ്പ. 2008 ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയും ഇവിടം സന്ദർശിച്ചിരുന്നു. ആ പാരമ്പര്യം പിൻതുടർന്നാണ് മെയ് മാസത്തിൽ ലെയോ പാപ്പയുടെ സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.

പോംപെയിലെ ജപമാല രാജ്ഞിയുടെ സന്നിധിയിൽ പരിശുദ്ധ പിതാവ് നടത്തുന്ന ഈ തീർത്ഥാടനം ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയൊരു ആത്മീയ പാത തുറന്നുകൊടുക്കുമെന്ന് വിശ്വാസികൾ കരുതുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.