സമാധാന നീക്കത്തില്‍ നിര്‍ണായക വഴിത്തിരിവ്; ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കാന്‍ അമേരിക്കയും ഇറാനും തമ്മില്‍ ധാരണ

സമാധാന നീക്കത്തില്‍ നിര്‍ണായക വഴിത്തിരിവ്; ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കാന്‍ അമേരിക്കയും ഇറാനും തമ്മില്‍ ധാരണ

വാഷിങ്ടണ്‍/ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സമാധാന നീക്കത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഹോര്‍മുസ് കടലിടുക്കിലെ നാവിക ഉപരോധം ലഘൂകരിക്കുന്നതിനും സമുദ്രപാത ഘട്ടംഘട്ടമായി വീണ്ടും തുറക്കുന്നതിനും അമേരിക്കയും ഇറാനും ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍.

ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഉപരോധിച്ചത് ആഗോള ഊര്‍ജ വിതരണത്തെ സാരമായി ബാധിച്ചിരുന്നു. ഇതിന് പിന്നാലെ അമേരിക്കയും നാവിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ കരാര്‍ പ്രകാരം വൈകാതെ മോചിപ്പിക്കപ്പെടുമെന്നാണ് സൂചന.

ഹോര്‍മുസ് കടലിടുക്ക് ക്രമേണ തുറക്കുന്നതിന് പകരമായി ഉപരോധം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് കരാറില്‍ എത്തിയിട്ടുണ്ടെന്നും കടലിടുക്കില്‍ കുടുങ്ങിയ കപ്പലുകളുടെ മോചനം ഉടനുണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനുമായുള്ള ചര്‍ച്ചകള്‍ വളരെ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും യുദ്ധം ഉടന്‍ അവസാനിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഒരു സമ്പൂര്‍ണവും അന്തിമവുമായ കരാറിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്നും ചര്‍ച്ചകളില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി കുടുങ്ങിക്കിടക്കുന്ന വാണിജ്യ കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള 'പ്രോജക്റ്റ് ഫ്രീഡം' എന്ന സൈനിക നീക്കം ട്രംപ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. എങ്കിലും ഉപരോധം പൂര്‍ണമായും നീക്കിയിട്ടില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്ക മുന്നോട്ടുവെച്ച 14 ഇന ധാരണാപത്രം ഇറാന്‍ പരിശോധിച്ചു വരികയാണെന്നാണ് വിവരം. ആണവ സമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങള്‍ ഇറാന്‍ നിര്‍ത്തി വെക്കുകയാണെങ്കില്‍, ഉപരോധങ്ങളില്‍ ഇളവ് നല്‍കാനും മരവിപ്പിച്ച ശതകോടിക്കണക്കിന് ഡോളറിന്റെ ഇറാനിയന്‍ ഫണ്ടുകള്‍ വിട്ടുകൊടുക്കാനും അമേരിക്ക തയ്യാറായേക്കും.

ആഗോള എണ്ണ വിതരണത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഈ മേഖലയിലുണ്ടാകുന്ന ഏതൊരു സൈനിക മാറ്റവും ആഗോള ഊര്‍ജ വിപണിയെ സാരമായി ബാധിക്കാറുണ്ട്. നിലവിലെ ചര്‍ച്ചകള്‍ സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് സൂചനകള്‍ നല്‍കുന്നുണ്ടെങ്കിലും, ഉപരോധം പൂര്‍ണമായും പിന്‍വലിക്കാത്തത് പ്രതികൂല ഘടകമാണ്. എങ്കിലും ചര്‍ച്ചകളിലെ പുരോഗതി എണ്ണ വിപണിക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.