തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിര്‍ണായക നീക്കങ്ങള്‍ ഇനി ഡല്‍ഹിയില്‍. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും എംഎല്‍എമാരുമായും ഘടകകക്ഷി നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചകള്‍ പൂര്‍ത്തിയാക്കി ഡല്‍ഹിയ്ക്ക് മടങ്ങി.
ഘടകകക്ഷികള്‍ക്കല്ല എംഎല്‍എമാരുടെ പിന്തുണയാണ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ പ്രധാനമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കി. എന്നാല്‍ ഘടകകക്ഷികള്‍ വി.ഡി സതീശനായി രംഗത്ത് വന്നത് ഹൈക്കമാന്‍ഡിന് മുന്നില്‍ വലിയ വെല്ലുവിളിയായിരിക്കുകയാണ്. ഇന്ന് രാത്രിയോ നാളെ രാവിലെയോ പാര്‍ട്ടി അധ്യക്ഷന് റിപ്പോര്‍ട്ട് നല്‍കും എന്ന് വ്യക്തമാക്കിയ അജയ് മാക്കന്‍, ഒറ്റ പേരിലേക്കല്ല, ഒറ്റ തീരുമാനത്തിലേക്കെത്താനാണ് നമ്മളെത്തിയതെന്നാണ് പറഞ്ഞത്. എംഎല്‍എമാരുടെ പിന്തുണ കെ.സിക്കാണെന്നും ഘടകകക്ഷികളുടെ പിന്തുണ വി.ഡിക്കാണെന്നും ഏറെക്കുറെ വ്യക്തമായെന്നാണ് സൂചന.
നിരീക്ഷകര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് കൈമാറുന്നതോടെ ഡല്‍ഹിയിലാകും ഇനി തന്ത്രങ്ങളും തീരുമാനങ്ങളും ഒരുങ്ങുക. ശനിയാഴ്ച വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരെ ഡല്‍ഹിക്ക് വിളിപ്പിക്കുമെന്നാണ് വ്യക്തമാകുന്നത്. ഹൈക്കമാന്‍ഡിന്റെ ഭാഗമായ കെ.സി വേണുഗോപാല്‍ ഡല്‍ഹിയിലുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.