ആഗോള മഹാമാരിയായി മാറില്ല: ഹന്റാവൈറസ് ഭീതിയില്‍ വിശദീകരണവുമായി ലോകാരോഗ്യ സംഘടന

ആഗോള മഹാമാരിയായി മാറില്ല: ഹന്റാവൈറസ് ഭീതിയില്‍ വിശദീകരണവുമായി ലോകാരോഗ്യ സംഘടന

ജനീവ: നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹന്റാവൈറസ് വ്യാപനം കോവിഡ്-19 പോലെയോ ഇന്‍ഫ്‌ലുവന്‍സ പോലെയോ ഒരു ആഗോള മഹാമാരിയായി മാറാന്‍ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന. കപ്പലിലെ യാത്രക്കാര്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസ് ബാധയെക്കുറിച്ച് വിശദീകരിക്കവേയാണ് ഡബ്ല്യു.എച്ച്.ഒ എപ്പിഡമിക് ആന്‍ഡ് പാന്‍ഡമിക് മാനേജ്മെന്റ് ഡയറക്ടര്‍ ഡോ. മരിയ വാന്‍ കെര്‍ഖോവ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്.

കോവിഡ് വായുവിലൂടെ അതിവേഗം പടരുമെങ്കില്‍, ഹന്റാവൈറസ് പ്രധാനമായും എലികളില്‍ നിന്നാണ് മനുഷ്യരിലേക്ക് പടരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുന്നത് വളരെ അപൂര്‍വമാണ്. ആന്‍ഡീസ് സ്‌ട്രെയിന്‍ ബാധിച്ചാല്‍ മാത്രമേ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ളൂ. അതിന് തന്നെ രോഗബാധിതരുമായി ദീര്‍ഘ നേരം അടുത്ത സമ്പര്‍ക്കം പുലര്‍ത്തേണ്ടതുണ്ട്.

കോവിഡ് പോലെ ഒരു മുറിയിലുള്ള എല്ലാവരിലേക്കും ഈ വൈറസ് പടരില്ല. അതിനാല്‍ തന്നെ ഇതൊരു വലിയ പകര്‍ച്ച വ്യാധിയായി മാറാന്‍ സാധ്യത കുറവാണ്. എന്നാല്‍ വ്യക്തിഗത അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ കോവിഡിനേക്കാള്‍ മാരകമാണ് ഹന്റാവൈറസ്. ഇത് കോവിഡ് മഹാമാരിയുടെ തുടക്കമല്ലെന്നും ഒരു നിശ്ചിത പ്രദേശത്തോ സാഹചര്യത്തിലോ മാത്രം ഒതുങ്ങി നില്‍ക്കുന്ന വ്യാപനമാണെന്നും ഡോ. മരിയ വ്യക്തമാക്കി. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിയും രോഗബാധിതരെ മാറ്റിപ്പാര്‍പ്പിച്ചും ഈ വ്യാപന ശൃംഖല തകര്‍ക്കാന്‍ സാധിക്കും.

കപ്പലിലെ വ്യാപനം ആന്‍ഡീസ് സ്‌ട്രെയിന്‍ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വൈറസിന്റെ ഇന്‍കുബേഷന്‍ പിരീഡ് (രോഗലക്ഷണം കാണിക്കാനെടുക്കുന്ന സമയം) ആറ് ആഴ്ച വരെയായതിനാല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാം. എങ്കിലും പൊതുജനാരോഗ്യത്തിനുള്ള ഭീഷണി കുറവാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.