വര്‍ഗീയതയുമായി സന്ധിയില്ല; എഐഎഡിഎംകെയെ പിന്തുണക്കണമെങ്കില്‍ ബിജെപി ബന്ധം പാടില്ലെന്ന് ഡിഎംകെ

വര്‍ഗീയതയുമായി സന്ധിയില്ല; എഐഎഡിഎംകെയെ പിന്തുണക്കണമെങ്കില്‍ ബിജെപി ബന്ധം പാടില്ലെന്ന് ഡിഎംകെ

ചെന്നൈ: പതിറ്റാണ്ടുകളായുള്ള ശത്രുത മറന്ന് തമിഴ്‌നാട്ടില്‍ സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് എഐഎഡിഎംകെയും ഡിഎംകെയും ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നിലപാട് വ്യക്തമാക്കി ഡിഎംകെ. ഒരു വര്‍ഗീയ പാര്‍ട്ടിയുമായി സഹകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണക്കണമെങ്കില്‍ ബിജെപിയുമായുള്ള സഖ്യം എഐഎഡിഎംകെ ഉപേക്ഷിക്കണമെന്നും ഡിഎംകെ വ്യക്തമാക്കി.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേവല ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ടിവികെ നേതാവ് നടന്‍ വിജയിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയും ഡിഎംകെയും സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

234 അംഗങ്ങളുള്ള നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 118 സീറ്റുകള്‍ വേണം. തിരഞ്ഞെടുപ്പില്‍ 108 സീറ്റ് നേടിയ ടിവികെക്ക് കോണ്‍ഗ്രസിന്റെ പിന്തുണ അടക്കം സര്‍ക്കാര്‍ രൂപീകരണത്തിന് 112 പേരുടെ പിന്തുണയാണ് നേടാന്‍ കഴിഞ്ഞത്. വിജയ് രണ്ടു സീറ്റില്‍ മത്സരിച്ചിരുന്നു. അതിനാല്‍ ടിവികെക്ക് വോട്ടെടുപ്പില്‍ ഒരു വോട്ട് കുറയും. കേവല ഭൂരിപക്ഷത്തിന് ഇനിയും ആറ് പേരുടെ പിന്തുണ വേണം.

തിരഞ്ഞെടുപ്പില്‍ ഡിഎംകെ 59 സീറ്റും എഐഎഡിഎംകെ 47 സീറ്റും നേടിയിട്ടുണ്ട്. മറ്റ് ചെറുകക്ഷികളുടെ കൂടി പിന്തുണ ലഭിച്ചാല്‍ ഇരു കക്ഷികള്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും. എന്നാല്‍ എഐഎഡിഎംകെയുമായി സഹകരിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് ഡിഎംകെയുടെ പൊതു വിലയിരുത്തല്‍. എം.കെ സ്റ്റാലിന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്.

അതേസമയം ഉപമുഖ്യമന്ത്രി പദം നല്‍കി വിടുതലൈ ചിരുതൈഗള്‍ കക്ഷിയെ(വിസികെ)യെ കൂടെ നിര്‍ത്താന്‍ വിജയ് ശ്രമിക്കുന്നുണ്ട്. വിജയിനോട് ചായ്വുള്ള വിസികെയെ തങ്ങളുടെ കൂടെ നിര്‍ത്താന്‍ ഡിഎംകെയും ശ്രമിക്കുന്നുണ്ട്. സിപിഎമ്മിനെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ഡിഎംകെ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടക്കുകയാണ്. കോണ്‍ഗ്രസ്, ഇടതുപക്ഷം, വിസികെ പിന്തുണയോടെ ഭൂരിപക്ഷം തെളിയിക്കാനാണ് വിജയ് തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.