ടിവികെയ്ക്ക് പിന്തുണ: കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ഡിഎംകെ; ലോക്സഭയില്‍ ഇരിപ്പിടം മാറ്റാന്‍ സ്പീക്കര്‍ക്ക് കത്ത്

ടിവികെയ്ക്ക് പിന്തുണ: കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ഡിഎംകെ; ലോക്സഭയില്‍ ഇരിപ്പിടം മാറ്റാന്‍ സ്പീക്കര്‍ക്ക് കത്ത്

ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ സര്‍ക്കാരുണ്ടാക്കാന്‍ വിജയ്‌യുടെ ടിവികെയ്ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ച് ലോക്സഭയില്‍ ഡിഎംകെ അംഗങ്ങള്‍ക്ക് വേറെ ഇരിപ്പിടം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കെ. കനിമൊഴി എംപി ലോക്സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

മാറിയ രാഷ്ട്രീയ സാഹചര്യത്തിന്റെയും ഡിഎംകെയും കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിച്ചതിന്റെയും പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കൊപ്പം ഡിഎംകെ എംപിമാര്‍ ഇരിക്കുന്നത് അനുചിതമാണെന്ന് കനിമൊഴി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

അതിനാല്‍ ഡിഎംകെ അംഗങ്ങള്‍ക്ക് അവരുടെ ഉത്തരവാദിത്വങ്ങള്‍ ഫലപ്രദമായി നിറേവറ്റാന്‍ സഭയില്‍ വേറെ ഇരിപ്പിടങ്ങള്‍ അനുവദിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

108 സീറ്റുകള്‍ നേടിയ ടിവികെ, കേവല ഭൂരിപക്ഷമായ 118 എംഎല്‍എമാരെ തികയ്ക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടിയതോടെയാണ് ഇരു പാര്‍ട്ടികളും അകന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് അഞ്ച് സീറ്റിലാണ് വിജയിച്ചത്.

വിജയുടെ അഭ്യര്‍ഥനയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു. എന്നാല്‍, ഈ എംഎല്‍എമാരുടെ പിന്തുണകൊണ്ടും വിജയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനായില്ല. ഇനിയും ആറ് എംഎല്‍എമാരുടെ കൂടെ പിന്തുണ വേണ്ടി വരും.

പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയിലെ പ്രമുഖ കക്ഷികളാണ് കോണ്‍ഗ്രസും ഡിഎംകെയും. കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെങ്കില്‍ ഇന്ത്യ മുന്നണിയുമായുള്ള ഡിഎംകെയുടെ സഹകരണം എപ്രകാരമായിരിക്കും എന്നത് നിര്‍ണായകമാണ്. ദേശീയ രാഷ്ട്രീയത്തില്‍ വരും ദിവസങ്ങളില്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുള്ളതാണ് അവരുടെ ഇപ്പോഴത്തെ രാഷ്ട്രീയ നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.