'കേരളത്തിലെ സാഹചര്യം വ്യത്യസ്തം; ഘടക കക്ഷികളുടെ അഭിപ്രായവും മാനിക്കണം': മുഖ്യമന്ത്രി ചര്‍ച്ച നീളുന്നു

'കേരളത്തിലെ സാഹചര്യം വ്യത്യസ്തം; ഘടക കക്ഷികളുടെ അഭിപ്രായവും മാനിക്കണം': മുഖ്യമന്ത്രി ചര്‍ച്ച നീളുന്നു

സോണിയ ഗാന്ധിയുടെയും എ.കെ ആന്റണിയുടെയും നിലപാട് നിര്‍ണായകം.

കൊച്ചി: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ മുന്നണി സംവിധാനം കൂടി പരിഗണിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം.

യുഡിഎഫ് നേടിയ 102 സീറ്റുകളില്‍ 63 എണ്ണമാണ് കോണ്‍ഗ്രസിനുള്ളത്. ബാക്കിയുളള 39 സീറ്റുകള്‍ മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് ജോസഫ്, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് ജേക്കബ്, ആര്‍.എം.പി, സി.എം.പി തുടങ്ങിയ ഘടക കക്ഷികള്‍ക്കാണ്. അപ്പോള്‍ അവരുടെ അഭിപ്രായങ്ങള്‍ക്കും മുന്തിയ പരിഗണന കൊടുക്കേണ്ടതായിട്ടുണ്ട്.

പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍ മത്സരിച്ച് റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചത് മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളില്‍ നിന്നുകൂടി ലഭിച്ച പിന്തുണയോടെ ആണെന്ന കാര്യം വിസ്മരിക്കരുതെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ മാത്രം പിന്തുണ നോക്കാതെ ഘടക കക്ഷി നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്താനാണ് ഹൈക്കമാന്‍ഡിന്റെ ഇപ്പോഴത്തെ തീരുമാനം. നിലവില്‍ ഘടക കക്ഷികളില്‍ ഭൂരിപക്ഷവും സംസ്ഥാനത്തെ പൊതുവികാരം മാനിച്ച് വി.ഡി സതീശനെ പിന്തുണയ്ക്കുന്നവരാണ്.

മാത്രമല്ല, കേരളത്തിലുള്ള മുതിര്‍ന്ന നേതാവ് എ.കെ ആന്റണി മുഖ്യമന്ത്രി തര്‍ക്കത്തില്‍ ഇതുവരെ മനസ് തുന്നിട്ടില്ല. ഇക്കാര്യത്തില്‍ ആന്റണിയുടെ അഭിപ്രായവും ആരായും. ഇതുവരെയുള്ള ചര്‍ച്ചകളില്‍ സോണിയ ഗാന്ധിയും പങ്കെടുത്തിട്ടില്ല. അവരുടെ തീരുമാനവും നിര്‍ണായകമാകും.

അതേസമയം എഐസിസി നിയോഗിച്ച പ്രത്യേക സംഘം ഇപ്പോഴും സംസ്ഥാനത്ത് തുടരുന്നുണ്ട്. മുഖ്യമന്ത്രി ആരെന്ന വിഷയത്തില്‍ സംസ്ഥാനത്ത് ദൃശ്യമാകുന്ന പൊതുവികാരം ഇവര്‍ എല്ലാ ദിവസവും ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ടായി നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഇതും നിര്‍ണായകമാകുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.