'പിണറായി ഭരിച്ചത് സുപ്രീം ലീഡർ എന്ന ഭാവത്തില്‍'; കടുത്ത വിമർശനവുമായി ലത്തീന്‍ സഭാ മുഖപത്രം

'പിണറായി ഭരിച്ചത് സുപ്രീം ലീഡർ എന്ന ഭാവത്തില്‍'; കടുത്ത വിമർശനവുമായി ലത്തീന്‍ സഭാ മുഖപത്രം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തന ശൈലിയെയും എൽഡിഎഫ് സർക്കാരിന്റെ നയങ്ങളെയും കടന്നാക്രമിച്ച് ലത്തീൻ സഭയുടെ മുഖപത്രമായ 'ജീവനാദം'. അമിതാധികാര പ്രമത്തതയുടെയും അഴിമതിയുടെയും പ്രതീകമായി മുഖ്യമന്ത്രി മാറിയെന്നും സ്വേച്ഛാധിപത്യപരമായ നിലപാടുകളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖപത്രം കുറ്റപ്പെടുത്തി.

ഒരിടത്തും തിരുത്തപ്പെടാത്ത മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് 'സുപ്രീം ലീഡർ' എന്ന ഭാവത്തിലാണ് പിണറായി വിജയൻ പ്രവർത്തിക്കുന്നതെന്ന് ലേഖനം വിമർശിക്കുന്നു. മാടമ്പിത്തരത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും ജനവിരുദ്ധതയുടെയും അടയാളമായി മുഖ്യമന്ത്രി മാറി.

"മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ" എന്ന വാചകത്തോടു കൂടിയ പിണറായിയുടെ ചിത്രം വെച്ച പ്രചാരണ ബോർഡുകൾ ജനങ്ങളോടുള്ള അഹന്തയുടെ വെല്ലുവിളിയായിരുന്നുവെന്നും സഭ ആരോപിച്ചു.

കേരള ചരിത്രത്തിൽ ഇന്നുവരെ ഒരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത വിധത്തിലുള്ള ഭീമമായ ഫണ്ട് വിവിധ സർക്കാർ വകുപ്പുകൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചു. പാർട്ടിയിലെ വിയോജിപ്പുകളെ അടിച്ചമർത്തുന്ന അതേ അസഹിഷ്ണുത തന്നെയാണ് പ്രതിപക്ഷത്തോടും ജനകീയ പ്രക്ഷോഭങ്ങളോടും മുഖ്യമന്ത്രി കാണിക്കുന്നത്. 1980 ന് ശേഷം കേരളം കണ്ട ഏറ്റവും ശോഷിച്ച പ്രതിപക്ഷമാണ് നിലവിലുള്ളതെന്നും മുഖപത്രം ചൂണ്ടിക്കാട്ടി.

തീരദേശ ജനതയുടെയും ലത്തീൻ സമുദായത്തിന്റെയും നീറുന്ന പ്രശ്നങ്ങളിൽ സർക്കാർ സ്വീകരിച്ചത് വഞ്ചനാപരമായ നിലപാടാണെന്ന് ജീവനാദം വിമർശിക്കുന്നു. മുതലപ്പൊഴിയിലെ അപകട മരണങ്ങൾ, വിഴിഞ്ഞം പുലിമുട്ട് നിർമ്മാണം, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം എന്നിവയിൽ സർക്കാർ പരാജയപ്പെട്ടു. മണ്ണെണ്ണ സബ്‌സിഡി തടയൽ, ഓഖി പാക്കേജ് നടപ്പിലാക്കാതിരിക്കൽ തുടങ്ങിയവ തീരദേശത്തോടുള്ള അവഗണനയാണ്.

മുനമ്പത്തെ 610 കുടുംബങ്ങളുടെ ഭൂമി വഖഫ് ബോർഡിന്റെ പട്ടികയിൽ ചേർത്തതിനെ തുടർന്ന് റവന്യൂ അവകാശങ്ങൾ നഷ്ടപ്പെട്ടവർക്ക് നീതി നൽകുന്നതിൽ സർക്കാർ ജനവിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാത്തതിലും സഭ അതൃപ്തി രേഖപ്പെടുത്തി.

ജനകീയ പ്രസ്ഥാനങ്ങളെ ശത്രുപക്ഷത്ത് നിർത്തി അടിച്ചമർത്തുന്ന നയം തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും സഭ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.