കെയ്‌റോ: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഈജിപ്തിൽ ക്രൈസ്തവ ആരാധനാലയങ്ങളുടെ പദവി നിയമവിധേയമാക്കുന്നതിന്റെ ഭാഗമായി 191 പള്ളികൾക്കും അനുബന്ധ കെട്ടിടങ്ങൾക്കും കൂടി ഔദ്യോഗിക അംഗീകാരം നൽകാൻ സർക്കാർ തീരുമാനിച്ചു. ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ മദ്‌ബൗലിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
ദേവാലയങ്ങളുടെ നിർമ്മാണ രീതിയും സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിക്കുന്ന കമ്മിറ്റിയുടെ പ്രവർത്തനഫലമായി ഇതുവരെ 3,804 ആരാധനാലയങ്ങളാണ് നിയമവിധേയമാക്കപ്പെട്ടത്. കഴിഞ്ഞ യോഗത്തിന് ശേഷം നടത്തിയ സ്ഥല പരിശോധനകളുടെ അടിസ്ഥാനത്തിലാണ് പുതിയ 191 കെട്ടിടങ്ങൾക്ക് കൂടി പ്രവർത്തനാനുമതി നൽകിയതെന്ന് മന്ത്രിസഭാ വക്താവ് മുഹമ്മദ് എൽ-ഹോംസാനി വ്യക്തമാക്കി.
2016 ഓഗസ്റ്റിൽ ഈജിപ്ത് പാർലമെന്റ് പാസാക്കിയ ചരിത്രപരമായ നിയമമാണ് ക്രൈസ്തവ ആരാധനാലയങ്ങളുടെ നിർമ്മാണവും പരിപാലനവും സുഗമമാക്കിയത്. മുൻപ് മതിയായ രേഖകളില്ലാതെ നിർമ്മിക്കപ്പെട്ട ദേവാലയങ്ങൾക്ക് നിയമപരമായ പദവി നൽകുന്നതിനായി ഈ നിയമ പ്രകാരം പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരുന്നു.
സർക്കാർ നിശ്ചയിച്ചിട്ടുള്ള നിർമ്മാണ ചട്ടങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലിക്കുന്ന പള്ളികൾക്ക് മാത്രമാണ് അംഗീകാരം നൽകുന്നത്. നിലവിൽ അനുമതി ലഭിച്ചവയിൽ ഭൂരിഭാഗവും പുതിയ നിയമം വരുന്നതിന് മുൻപ് നിർമ്മിക്കപ്പെട്ടവയാണ്.
ഊർജ, നഗര വികസന വകുപ്പ് മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗം ശേഷിക്കുന്ന അപേക്ഷകളിൽ കൂടി വേഗത്തിൽ തീരുമാനമെടുക്കാൻ നിർദേശിച്ചു. മതസൗഹാർദം കാത്തുസൂക്ഷിക്കുന്നതിനും ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുമുള്ള ഈജിപ്ത് സർക്കാരിന്റെ നീക്കം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെടുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.