ന്യൂഡല്‍ഹി: പാചകവാതക സബ്സിഡിയില്‍ മാറ്റം വരുത്താനൊരുങ്ങി പൊതുമേഖല എണ്ണക്കമ്പനികള്‍. വാര്‍ഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവരെ സബ്സിഡിയില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് എണ്ണക്കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശങ്ങള്‍ അയച്ചു തുടങ്ങി.
ഉപയോക്താവിനോ കുടുംബത്തിനോ വാര്‍ഷിക വരുമാനം 10 ലക്ഷത്തിന് മുകളിലാണെങ്കില്‍ സബ്സിഡി ലഭിക്കില്ലെന്നാണ് സന്ദേശം. ഇക്കാര്യം മൊബൈല്‍ സന്ദേശത്തില്‍ വ്യക്തമായിട്ടുണ്ട്. പരാതി ഉള്ളവര്‍ ഏഴ് ദിവസത്തിനുള്ളില്‍ ഇക്കാര്യം അറിയിക്കണമെന്നും സന്ദേശത്തില്‍ പറയുന്നു.
സന്ദേശം ലഭിച്ചവര്‍ക്ക് 1800-2333-555 എന്ന ടോള്‍ ഫ്രീ നനമ്പറിലൂടെയോ എണ്ണക്കമ്പനിയുടെ പരാതി പരിഹാര പോര്‍ട്ടല്‍ വഴിയോ എതിര്‍പ്പുകള്‍ ഉന്നയിക്കാം. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍, എല്‍പിജി സബ്സിഡി നിര്‍ത്തലാക്കും.
ആദായ നികുതി വിവരങ്ങള്‍ പരിശോധിച്ചാണ് എണ്ണക്കമ്പനികള്‍ വിവര ശേഖരണം നടത്തിയിരിക്കുന്നത്. 2015 ഡിസംബറില്‍ കൊണ്ടു വന്ന നിയമപ്രകാരം വാര്‍ഷിക വരുമാനം 10 ലക്ഷത്തില്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് പാചകവാതക സബ്സിഡിക്ക് അര്‍ഹതയില്ല.
ഉപയോക്താക്കള്‍ സ്വയം നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഇത് നിശ്ചയിച്ചിരുന്നത്. ആദായനികുതി പരിധിക്ക് പുറത്തുള്ളവര്‍ക്കും ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചവര്‍ക്കും ഓരോ സിലിണ്ടറിനും 24.50 രൂപയാണ് നിലവില്‍ സബ്സിഡിയായി നല്‍കുന്നത്. നേരത്തെ 400 രൂപയുണ്ടായിരുന്ന സബ്സിഡി തുക ലോക്ക്ഡൗണ്‍ കാലത്താണ് കുറച്ചത്.
പശ്ചിമേഷ്യന്‍ യുദ്ധം മൂലം ക്രൂഡ്ഓയില്‍, എല്‍പിജി ലഭ്യതയില്‍ വലിയ തോതില്‍ കുറവുണ്ടായിട്ടുണ്ട്. ഉയര്‍ന്ന വില നല്‍കി ക്രൂഡ് ഇറക്കുമതി നടത്തുന്നത് പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് വലിയ നഷ്ടമാണ് വരുത്തുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് മാറ്റത്തിന് ഒരുങ്ങുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.