കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിരാമം; വി.ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രി

കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിരാമം; വി.ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: വടശേരി ദാമോദരന്‍ സതീശന്‍ എന്ന വി.ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രി. പതിനൊന്ന് ദിവസം നീണ്ട അനശ്ചിതത്വങ്ങള്‍ക്ക് വിരാമം കുറിച്ച് ഇന്ന് ഉച്ചയ്ക്ക് 12 ന് ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത എഐസിസി വാര്‍ത്താ സമ്മേളനത്തില്‍ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷിയാണ് വി.ഡി സതീശന്റെ പേര് പ്രഖ്യാപിച്ചത്.

കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ മാരത്തണ്‍ ചര്‍ച്ചകളാണ് കേരളത്തിലും ഡല്‍ഹിയിലുമായി നടന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍ എന്നിവര്‍ മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ചതോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പതിനൊന്ന് ദിവസം നീണ്ട ചര്‍ച്ചകളും കൂടിക്കാഴ്ചകളും വേണ്ടി വന്നത്.

എംഎല്‍എമാരുടെ അഭിപ്രായം തേടി എഐസിസി നിരീഷകര്‍ നല്‍കിയ റിപ്പോര്‍ട്ട് കെ.സി വേണുഗോപാലിന് അനുകൂലമായിരുന്നെങ്കിലും പൊതുജന വികാരവും മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികളുടെ നിലപാടും വി.ഡി സതീശന് അനുകൂലമായിരുന്നു. മൂന്ന് പേരില്‍ മുതിര്‍ന്ന നേതാവെന്ന പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രമേശ് ചെന്നിത്തല.

മൂന്ന് പേരുടെയും അവകാശവാദങ്ങള്‍ വിശദമായി വിലയിരുത്തിയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുന്‍ കെപിസിസി പ്രസിഡന്റുമാരുടെ അഭിപ്രായം കൂടി ആരായാന്‍ വി.എം സുധീരന്‍, കെ.മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം ഹസന്‍, കെ.സുധാകരന്‍ തുടങ്ങിയ നേതാക്കളെ ചൊവ്വാഴ്ച ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. അവരുടെയും ഘടക കക്ഷികളുടെയും അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷമാണ് അന്തിമ തീരുമാനമെടുത്തത്.


മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന്‍ എറണാകുളം ജില്ലയിലെ പറവൂരില്‍ നിന്നുള്ള നിയമസഭാംഗമാണ്. 2001 മുതല്‍ പറവൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ജയിച്ചു വരുന്നു. കാലാവധി പൂര്‍ത്തിയായ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു അദേഹം.

എറണാകുളം ജില്ലയിലെ നെട്ടൂരില്‍ വടശേരി ദാമോദര മേനോന്റെയും വി. വിലാസിനിയമ്മയുടെയും മകനായി 1964 മെയ് 31 നാണ് ജനനം. നെട്ടൂര്‍ എസ്.വി.യു.പി സ്‌ക്കൂളില്‍ പ്രൈമറി വിദ്യാഭ്യാസവും പനങ്ങാട് ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. നിയമ ബിരുദധാരിയായ സതീശന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.

തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായിരുന്നു. എം.ജി, കേരള സര്‍വ്വകലാശാലകളില്‍ യൂണിയന്‍ കൗണ്‍സിലറായിരുന്ന സതീശന്‍ 1986-87 കാലത്ത് എം.ജി സര്‍വ്വകലാശാലാ യൂണിയന്‍ ചെയര്‍മാനായിരുന്നു. എന്‍.എസ്.യു ദേശീയ സെക്രട്ടറി, യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

1996 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം രുചിച്ചുകൊണ്ടാണ് വി.ഡി സതീശന്റെ പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ തുടക്കം. പിന്നീട് 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എം ദിനകരനെ തോല്‍പ്പിച്ച് ആദ്യമായി നിയമ സഭയിലെത്തി. തുടര്‍ന്ന് 2006, 2011, 2016, 2021, 2026 തിരഞ്ഞെടുപ്പുകളില്‍ പറവൂരില്‍ നിന്നു തന്നെ വിജയം ആവര്‍ത്തിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.