മന്ത്രിമാരെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവം; പരിഗണിക്കുന്നത് ഇവരെ: ക്യാബിനറ്റില്‍ ചെന്നിത്തലയുണ്ടാകുമോ?..

 മന്ത്രിമാരെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവം; പരിഗണിക്കുന്നത് ഇവരെ: ക്യാബിനറ്റില്‍ ചെന്നിത്തലയുണ്ടാകുമോ?..

തിരുവനന്തപുരം: പതിനൊന്ന് ദിവസത്തെ ഉദ്വേഗങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ മന്ത്രിമാരെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ സജീവം.

തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കൊപ്പം മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത്. 21 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും സ്പീക്കറുമാവും ഉണ്ടാകുക.

മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ ഇടഞ്ഞ് നില്‍ക്കുന്ന രമേശ് ചെന്നിത്തലയുടെ നിലപാട് മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായകമാകും. ആഭ്യന്തര വകുപ്പ് രമേശിന് നല്‍കി അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായി മന്ത്രി സഭയില്‍ കെ.സി വേണുഗോപാല്‍ പക്ഷത്തുള്ള കൂടുതല്‍ പേര്‍ ഇടം പിടിക്കുമെന്നാണ് സൂചന. ഇന്ന് രാവിലെ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇതു സംബന്ധിച്ച ചില ഉറപ്പുകള്‍ കെ.സിക്ക് ലഭിച്ചിട്ടുണ്ട്.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. മുരളീധരന്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പാണ്. എന്‍. ശക്തന്‍, പി.സി വിഷ്ണുനാഥ്, ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, എം. ലിജു, മാത്യു കുഴല്‍നാടന്‍, എ.പി അനില്‍കുമാര്‍, ടി. സിദ്ദിഖ്, തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ട്. ഇവരില്‍ ഒരാള്‍ സ്പീക്കറാകും. ജാതിമത സമവാക്യങ്ങള്‍ കണക്കിലെടുത്താകും മന്ത്രി സ്ഥാനത്തേക്കുള്ള പേരുകള്‍ പരിഗണിക്കുക.

മുസ്ലീം ലീഗ് അഞ്ച് മന്ത്രിമാരെ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, എന്‍. ഷംസുദ്ദീന്‍, പി.കെ ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരാണ് ലീഗിന്റെ പരിഗണനയിലുള്ളത്.

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇതിനകം തന്നെ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മാന്‍സ് ജോസഫ്, തോമസ് ഉണ്ണിയാടന്‍ എന്നീ പേരുകള്‍ക്കാണ് മുന്‍ഗണന.

അനുപ് ജേക്കബ്, ഷിബു ബേബി ജോണ്‍, സിഎംപിയില്‍ നിന്ന് സി.പി ജോണ്‍, എന്നിവര്‍ മന്ത്രിസഭയില്‍ ഇടം പിടിക്കും. മാണി സി. കാപ്പന്‍, കെ.കെ രമ എന്നിവര്‍ക്ക് എല്‍ഡിഎഫിന്റെ മാതൃകയില്‍ മന്ത്രിസ്ഥാനം വീതം വയ്ക്കുന്നത് ആലോചനയിലുണ്ടെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.