കൊച്ചി: നമ്പര്‍ 13 നിര്‍ഭാഗ്യ നമ്പര്‍ ആയാണ് പലരും കരുതുന്നത്. എന്നാല്‍ 13 വി.ഡി സതീശന്റെ ഭാഗ്യ നമ്പര്‍ ആണോ?.. എന്തായാലും 13 മെയ് 2026 സതീശന്റെ ദിവസമായിരുന്നു. മുഖ്യമന്ത്രി പദത്തിനായുള്ള കരുനീക്കങ്ങളില്‍ വി.ഡിക്ക് കരുത്തു പകര്‍ന്ന സുപ്രധാന ദിവസം.
തലേന്നു വരെ കെ.സി വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനം ഏതാണ്ട് ഉറപ്പിച്ച നിലയിലായിരുന്നു. വി.ഡി സതീശനായി കേരളമൊട്ടാകെ മുറവിളി ഉയര്‍ന്നിട്ടും ഡല്‍ഹിയിലെ കാറ്റ് കെ.സിക്ക് അനുകൂലമായാണ് വീശിക്കൊണ്ടിരുന്നത്. കാരണം കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും ഇതുവരെ പിന്തുടര്‍ന്നു വന്ന പതിവ് പാരമ്പര്യത്തിനായിരുന്നു മുന്‍തൂക്കം.
എംഎല്‍എമാരുടെ തലയെണ്ണമായിരുന്നു മുഖ്യ മാനദണ്ഡം. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിപക്ഷം പേരും കെ.സിക്ക് അനുകൂലം. മാത്രമല്ല, എംപിമാരില്‍ മിക്കവരും കെ.സിക്ക് വേണ്ടി രഹസ്യമായി കൈ പൊക്കി. കേരളത്തിലെ ചില മുതിര്‍ന്ന നേതാക്കളും ഹൈക്കമാന്‍ഡിന്റെ ഭാഗമായ വേണുഗോപാലിനൊപ്പം നിലയുറപ്പിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്ന മുന്ന് പേരില്‍ രമേശ് ചെന്നിത്തല ആദ്യ റൗണ്ടുകളില്‍ തന്നെ ഔട്ടായ സ്ഥിതിയിലായിരുന്നു. സീനിയോറിറ്റിയും 2021 ല്‍ പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായിട്ടും അച്ചടക്കത്തിന്റെ അതിര്‍ വരമ്പുകള്‍ ലംഘിക്കാത്ത കോണ്‍ഗ്രസുകാരന്‍ എന്ന അദേഹത്തിന്റെ നിലപാടും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ പെട്ട് മുങ്ങിപ്പോയി. എങ്കിലും ചെന്നിത്തല പ്രതീക്ഷ കൈവിട്ടിരുന്നില്ല.
അതിനിടെ വി.ഡി സതീശന് അനുകൂലമായി ജനങ്ങള്‍ നിരത്തിലിറങ്ങിയതും രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒരു ലക്ഷത്തിലധികം വി.ഡി അനുകൂല കമന്റുകള്‍ വന്നതും മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ നിരന്തരം തുടര്‍ന്ന പ്രചാരണങ്ങളും എല്ലാം 'സ്‌പോണ്‍സേഡ് പ്രോഗ്രാം' ആയാണ് ഹൈക്കമാന്‍ഡ് വിലയിരുത്തിയിരുന്നത്.
എന്നാല്‍ മുസ്ലീം ലീഗ് അടക്കമുള്ള ഘടക കക്ഷികളുടെ നിലപാട് നിര്‍ണായകമായിരുന്നു. അവിടെയും ചില എതിര്‍ വാദഗതികള്‍ ഉയര്‍ന്നു വന്നു. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണിയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി എന്ന പേരുദോഷത്തിന് ഇടയാക്കും എന്നതായിരുന്നു ആ വാദം. അത് ഹൈന്ദവ, ക്രൈസ്തവ സമുദായങ്ങളുടെ അതൃപ്തി ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാകും എന്നും വിമര്‍ശനമുയര്‍ന്നു.
മാത്രമല്ല, കോണ്‍ഗ്രസിന്റെ നിമയസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ ഘടക കക്ഷികള്‍ക്ക് എന്ത് റോള്‍ എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തി. ഈ വാദഗതികളെല്ലാം മുഖവിലയ്‌ക്കെടുത്ത ഹൈക്കമാന്‍ഡ് തുടര്‍ന്നും നടത്തിയ ചര്‍ച്ചകള്‍ക്കെല്ലാം ഒടുവില്‍ സകല കടമ്പകളും കടന്ന് മെയ് 12 ന് ഉച്ചയോടെ കെ.സി വേണുഗോപാല്‍ മുഖ്യമന്ത്രി പദം ഏതാണ്ട് ഉറപ്പാക്കി... ഇനി പ്രഖ്യാപനം മാത്രം ബാക്കി.
ഉച്ച കഴിഞ്ഞപ്പോള്‍ കേരളത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന നേതാവിന്റെ ഫോണ്‍ കോള്‍ രാഹുല്‍ ഗാന്ധിയെ തേടിയെത്തി. അന്തിമ തീരുമാനം എടുക്കും മുന്‍പ് കേരളത്തിന്റെ പൊതുവികാരം കൃത്യമായി മനസിലാക്കണമെന്നും അതിനായി മുന്‍ കെപിസിസി പ്രസിഡന്റുമാരുമായും കൂടിക്കാഴ്ച നടത്തണമെന്നുമായിരുന്നു ഫോണ്‍ കോളിന്റെ ചുരുക്കം.
അതോടെ കേരളത്തിലെ അഞ്ച് മുന്‍ കെപിസിസി പ്രസിഡന്റുമാരെയും നിലവിലുള്ള വര്‍ക്കിങ് പ്രസിഡന്റുമാരെയും ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. പിറ്റേന്ന് മെയ് 13 ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒഴികെയുള്ള മുന്‍ പ്രസിഡന്റുമാര്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങി. രാഹുല്‍ ഗാന്ധി ഓരോരുത്തരേയും പ്രത്യേകം കണ്ടു. അവരില്‍ വി.എം സുധീരന്റെയും കെ. മുരളീധരന്റെയും പിന്നീട് ഫോണില്‍ സംസാരിച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെയും നിലപാടുകള്‍ അതി നിര്‍ണായകമായി.
കേരളത്തില്‍ തുടരുന്ന സതീശന്‍ അനുകൂല തരംഗം ഒരു സ്‌പോണ്‍സേഡ് പ്രോഗ്രാം അല്ലെന്നും അതാണ് യഥാര്‍ത്ഥ ജനവികാരമെന്നും അത് കണ്ടില്ലെന്ന് നടിക്കരുതെന്നും മൂന്ന് നേതാക്കളും രാഹുലിനെ ബോധ്യപ്പെടുത്തി. മാത്രമല്ല, കെ.സി വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ അനിവാര്യമാകുന്ന രണ്ട് ഉപതിരഞ്ഞെടുപ്പിന്റെ വെല്ലുവിളികളെപ്പറ്റിയും മൂവരും ആശങ്ക അറിയിച്ചു.
ഇതോടെ കാര്യങ്ങള്‍ മാറാന്‍ തുടങ്ങി. തുടര്‍ന്ന് വൈകുന്നേരത്തോടെ രാഹുല്‍ ഗാന്ധി എ.കെ ആന്റണിയെ ഫോണില്‍ ബന്ധപ്പെട്ടു. പുതുതായി ഉരുത്തിരിയുന്ന സാഹചര്യത്തെപ്പറ്റി സംസാരിച്ചു. ഒരു ഘട്ടത്തിലും ആരുടെയും പേര് പറയാതിരുന്ന ആന്റണി ഇത്തവണയും സതീശന്റെ പേര് പറഞ്ഞില്ലെങ്കിലും കേരളത്തിലെ പൊതുജന വികാരം സതീശന് അനുകൂലമാണെന്ന് രാഹുലിനെ അറിയിച്ചു.
അതോടെ ഇന്നലെ രാത്രി നടത്താനിരുന്ന പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയും വി.ഡി സതീശനിലേക്ക് എത്തുകയുമായിരുന്നു. വയനാട് എംപിയായ പ്രിയങ്കാ ഗാന്ധി തുടക്കം മുതല്‍ വി.ഡി സതീശന് അനുകൂലമായ നിലപാട് സ്വീകരിച്ചതും നിര്‍ണായകമായി മാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.