ലിസ്ബൺ: ലോകപ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ മാതാവിന്റെ തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. 109 വർഷങ്ങൾക്ക് മുൻപ് മൂന്ന് ഇടയ ബാലകർക്ക് മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ സ്മരണ പുതുക്കി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി ലക്ഷക്കണക്കിന് വിശ്വാസികളാണ് പുണ്യഭൂമിയിലേക്ക് ഒഴുകിയെത്തിയത്.
തിരുനാളിനോടനുബന്ധിച്ച് നടന്ന ജപമാല സമർപ്പണത്തിൽ മൂന്ന് ലക്ഷത്തോളം വിശ്വാസികൾ പങ്കുചേർന്നു. കയ്യിലേന്തിയ മെഴുകുതിരി വെളിച്ചത്താൽ പ്രകാശപൂരിതമായ അന്തരീക്ഷത്തിൽ പതിനായിരങ്ങൾ ജപമാല ചൊല്ലി പ്രാർത്ഥിച്ചത് നയനമനോഹരമായ കാഴ്ചയായി.
ലിസ്ബൺ പാത്രിയാർക്കീസ് റൂയി മാനുവൽ സൂസ വലേരിയോ തിരുനാൾ ബലിയർപ്പണത്തിന് മുഖ്യകാർമ്മികത്വം വഹിച്ചു. "തീർത്ഥാടനം ഇവിടെ അവസാനിക്കുകയല്ല, മറിച്ച് ഫാത്തിമ എന്നത് ഒരു വലിയ മാറ്റത്തിനായി വിശ്വാസികൾക്ക് പുറപ്പെടാനുള്ള ഇടമാണ്," എന്ന് പാത്രിയാർക്കീസ് തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
1917 മെയ് 13 നായിരുന്നു പരിശുദ്ധ മറിയം ആദ്യമായി ഇടയബാലകർക്ക് പ്രത്യക്ഷപ്പെട്ടത്. ലൂസിയ, ഫ്രാൻസിസ്കോ, ജസീന്ത എന്നിവർക്കായിരുന്നു ആ ദർശന പുണ്യം ലഭിച്ചത്. 1917 മെയ് മുതൽ ഒക്ടോബർ വരെ ആറ് തവണയാണ് മാതാവ് ഇവർക്ക് ദർശനം നൽകിയത്.
ഫ്രാൻസിസ്കോയും ജസീന്തയും കുട്ടിക്കാലത്ത് തന്നെ മരണപ്പെട്ടുവെങ്കിലും അവർക്ക് ദർശനം ലഭിച്ച ആ പുണ്യഭൂമി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ഇന്നലത്തെ ചടങ്ങുകളിൽ പങ്കെടുത്ത ലക്ഷക്കണക്കിന് വിശ്വാസികൾ ലോകസമാധാനത്തിനായും പ്രാർത്ഥനകൾ അർപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.