മൂന്നു മാസത്തെ തടവറവാസം അവസാനിച്ചു; നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികൻ മോചിതനായി

മൂന്നു മാസത്തെ തടവറവാസം അവസാനിച്ചു; നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികൻ മോചിതനായി

അബുജ: തോക്കുധാരികളായ അക്രമികൾ തട്ടിക്കൊണ്ടുപോയ കഫഞ്ചൻ രൂപതാ വൈദികൻ ഫാ. നഥാനിയേൽ അസുവായ മൂന്നു മാസത്തെ തടവിനു ശേഷം മോചിതനായി. കഴിഞ്ഞ ഫെബ്രുവരി ഏഴിന് കടുന സംസ്ഥാനത്തെ ഇടവക വസതിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അദേഹം സുരക്ഷിതനായി തിരിച്ചെത്തിയ വിവരം കഫഞ്ചൻ രൂപതയാണ് അറിയിച്ചത്.

മെയ് 12 ന് പുറത്തിറക്കിയ പ്രസ്താവനയിൽ രൂപതാ അധികൃതർ ദൈവത്തിന് നന്ദി അർപ്പിച്ചു. ഫാ. നഥാനിയേൽ നിലവിൽ സുരക്ഷിതനാണെന്നും ആവശ്യമായ വൈദ്യ സഹായം നൽകിവരികയാണെന്നും പ്രസ്താവനയിൽ പറയുന്നു. അദേഹം മികച്ച മാനസിക നിലയിലാണെന്നും ആരോഗ്യനില വീണ്ടെടുത്തുവരികയാണെന്നും രൂപത വ്യക്തമാക്കി.

ഫെബ്രുവരി ഏഴിന് പുലർച്ചെ കൗര കൗണ്ടിയിലെ കാർക്കുവിലുള്ള ഹോളി ട്രിനിറ്റി പള്ളിയിൽ അതിക്രമിച്ചുകയറിയ ആയുധധാരികൾ വൈദികനെ റെക്ടറിയിൽ നിന്നാണ് പിടികൂടിയത്. ആക്രമി സംഘം വൈദികനൊപ്പം പത്ത് ഇടവകക്കാരെയും തട്ടിക്കൊണ്ടുപോയിരുന്നു.

ആക്രമണത്തിനിടെ മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ,വൈദികൻ മോചിതനായെങ്കിലും അദേഹത്തിനൊപ്പം പിടിക്കപ്പെട്ട മറ്റ് പത്ത് പേരെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

നൈജീരിയയിൽ ക്രൈസ്തവ വൈദികർക്ക് നേരെയുള്ള ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും തുടർക്കഥയാകുകയാണ്. 2022 ഒക്ടോബർ മുതൽ തടവിലുള്ള ഫാ. ജോസഫ് ഇഗ്‌വേഗു, 2025 ഡിസംബറിൽ തട്ടിക്കൊണ്ടുപോയ ഫാ. ഇമ്മാനുവൽ എസെമ എന്നിവർ ഇപ്പോഴും അക്രമികളുടെ കൈകളിലാണ്.

രാജ്യത്ത് വർധിച്ചുവരുന്ന അരക്ഷിതാവസ്ഥയിൽ നൈജീരിയൻ കത്തോലിക്കാ സഭ കടുത്ത ആശങ്ക രേഖപ്പെടുത്തി. പൗരന്മാരുടെ ജീവൻ സംരക്ഷിക്കാനും സമാധാനം പുനസ്ഥാപിക്കാനും സർക്കാർ ശക്തമായ സുരക്ഷാനടപടികൾ സ്വീകരിക്കണമെന്ന് സഭ ആവർത്തിച്ച് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.