മണിപ്പൂരിലെ സഭാ നേതാക്കളുടെ കൊലപാതകം: സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷം; ഡല്‍ഹിയില്‍ കുക്കി സമുദായത്തിന്റെ പ്രാര്‍ത്ഥനാ സംഗമം

മണിപ്പൂരിലെ സഭാ നേതാക്കളുടെ കൊലപാതകം: സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷം; ഡല്‍ഹിയില്‍ കുക്കി സമുദായത്തിന്റെ പ്രാര്‍ത്ഥനാ സംഗമം

ന്യൂഡല്‍ഹി: മണിപ്പൂരില്‍ കൊല്ലപ്പെട്ട കുക്കി സമുദായത്തില്‍ പെട്ട സഭാ നേതാക്കള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് സമുദായാംഗങ്ങള്‍. കാങ്പോക്പി ജില്ലയില്‍ ബുധനാഴ്ച നടന്ന ആക്രമണത്തില്‍ റവ. വുംതാങ് സിറ്റ്ലൗ, റവ. കൈഗൗലുന്‍ ലൗവം, പാസ്റ്റര്‍ പൗഗൗലൗന്‍ സിറ്റ്ലൗ എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി ഡല്‍ഹി മുനിരകയില്‍ നൂറുകണക്കിനാളുകളാണ് മെഴുകുതിരി തെളിയിച്ച് പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കു ചേര്‍ന്നത്. കുക്കി സമുദായത്തില്‍ പെട്ട വിദ്യാഭ്യാസ സംഘടനകള്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സംഗമത്തില്‍ ഇതര വിഭാഗങ്ങളില്‍ പെട്ട സഭാ നേതാക്കളും വിശ്വാസികളും സാധാരണക്കാരും പങ്കെടുത്തു.

ചുരാചന്ദ്പൂരിലെ ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷനില്‍ നിന്ന് മടങ്ങുകയായിരുന്ന മത നേതാക്കളുടെ വാഹനങ്ങള്‍ക്ക് നേരെയാണ് ബുധനാഴ്ച ആക്രമണമുണ്ടായത്. മൂന്ന് സഭാനേതാക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാങ്പോക്പി, ചുരാചന്ദ്പൂര്‍ തുടങ്ങിയ ജില്ലകളില്‍ വിവിധ കുക്കി, സോമി സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പ്രതിഷേധക്കാര്‍ കടകളും മാര്‍ക്കറ്റുകളും അടപ്പിച്ചു. സഭാ നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ മണിപ്പൂരിന്റെ വിവിധയിടങ്ങളില്‍ വീണ്ടും സംഘര്‍ഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.

മണിപ്പൂര്‍ മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിങ് ആക്രമണത്തെ അപലപിക്കുകയും പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്.

അതേസമയം ആക്രമണത്തില്‍ പിന്നില്‍ ആരാണെന്ന് ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. വിവിധ വിഭാഗങ്ങള്‍ പരസ്പരം പഴിചാരുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടുപിടിക്കാനാവാത്തിടത്തോളം മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരാന്‍ സാധ്യതയേറെയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.