കുട്ടനാട്ടിലെ നെല്ല് സംഭരണ പ്രതിസന്ധിക്ക് താല്‍കാലിക പരിഹാരം; കിഴിവ് ഏഴ് കിലോയായി കുറച്ചു: ബുധനാഴ്ച മുതല്‍ നെല്ല് സംഭരിക്കും

കുട്ടനാട്ടിലെ നെല്ല് സംഭരണ പ്രതിസന്ധിക്ക് താല്‍കാലിക പരിഹാരം; കിഴിവ് ഏഴ് കിലോയായി കുറച്ചു: ബുധനാഴ്ച മുതല്‍ നെല്ല് സംഭരിക്കും

ആലപ്പുഴ: കടുത്ത പ്രതിസന്ധിയിലായിരുന്ന കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമായി നെല്ല് സംഭരണത്തിലെ തര്‍ക്കങ്ങള്‍ക്ക് താല്‍കാലിക പരിഹാരം. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് മില്ലുടമകളുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടതായി കുട്ടനാട്ടിലെ നിയുക്ത എംഎല്‍എ റെജി ചെറിയാന്‍. ഇതോടെ പാടശേഖരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന നെല്ല് ബുധനാഴ്ച മുതല്‍ സംഭരിച്ചു തുടങ്ങും.

മില്ലുടമകള്‍ ആവശ്യപ്പെട്ടിരുന്ന 20 കിലോ കിഴിവ് എന്നത് ചര്‍ച്ചകളെത്തുടര്‍ന്ന് ഏഴ് കിലോയായി ചുരുക്കാന്‍ തീരുമാനിച്ചു. ദിവസങ്ങളായി പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്ന നെല്ല് നാളെത്തന്നെ മില്ലുടമകള്‍ സംഭരിക്കും. കര്‍ഷകരുടെ പിആര്‍എസ് വായ്പയുമായി ബന്ധപ്പെട്ടുള്ള സങ്കീര്‍ണമായ വിഷയങ്ങള്‍ വരും ദിവസങ്ങളില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും നിയുക്ത എംഎല്‍എ ഉറപ്പ് നല്‍കി.

നെല്ല് സംഭരിക്കുന്ന മില്ലുടമകളുടെ അമിതമായ കിഴിവ് നടപടികളും, നെല്ല് സംഭരിച്ച ശേഷം അതിന്റെ വില കര്‍ഷകരിലേക്ക് എത്താനുള്ള കടുത്ത കാലതാമസവുമാണ് കുട്ടനാട്ടിലെ കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കിയത്. കടുത്ത അവഗണനയിലും കടക്കെണിയിലും പ്രതിഷേധിച്ചും വന്‍ സാമ്പത്തിക നഷ്ടം ഭയന്നും കുട്ടനാട്ടിലെ കര്‍ഷകര്‍ രണ്ടാം നെല്‍കൃഷിയില്‍ നിന്ന് പൂര്‍ണമായി പിന്മാറാന്‍ ഒരുങ്ങുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജനപ്രതിനിധികളുടെ ഇടപെടല്‍ ഉണ്ടായത്.

മില്ലുടമകളും സംഭരണ ഏജന്‍സികളും ഈടാക്കുന്ന അമിത കിഴിവ് സഹിച്ചുകൊണ്ട് ഇനി കൃഷി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നും പുതിയ സര്‍ക്കാരിലാണ് കര്‍ഷകരുടെ പ്രതീക്ഷയെന്നും പാടശേഖരസമിതി സെക്രട്ടറി പി.ടി അജയകുമാര്‍ പറഞ്ഞു. കൂടാതെ വളത്തിന്റെയും കീടനാശിനിയുടെയും വില കുതിച്ചുയര്‍ന്നത് കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമാണ് ഏല്‍പ്പിക്കുന്നത്.

നിലവിലെ കണക്കനുസരിച്ച് ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ കര്‍ഷകന് ചുരുങ്ങിയത് 40,000 രൂപയോളം ചെലവ് വരുന്നുണ്ട്. കഴിഞ്ഞ രണ്ട് കൃഷി സീസണുകളിലായി ജില്ലയില്‍ ആകെ 9,000 ഹെക്ടറില്‍ താഴെ മാത്രമാണ് കൃഷിയിറക്കിയിരുന്നത്. എന്നാല്‍ നിലവിലെ പ്രതിസന്ധി തുടര്‍ന്നാല്‍ അത് 6000 ഹെക്ടറില്‍ പോലും എത്തില്ലെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്.

രണ്ടാം കൃഷി സമയത്ത് കാലവര്‍ഷം കനക്കുന്നതോടെ നെല്ലിലെ ഈര്‍പ്പത്തിന്റെ അളവ് കൂടും. ഇത് മുതലെടുത്ത് മില്ലുടമകള്‍ 10 മുതല്‍ 20 കിലോ വരെ കിഴിവ് ആവശ്യപ്പെടുമെന്നതായിരുന്നു കര്‍ഷകരുടെ പ്രധാന ആശങ്ക.

നിലവില്‍ കിഴിവ് ഏഴ് കിലോയായി പരിമിതപ്പെടുത്താന്‍ ധാരണയായതും ബുധനാഴ്ച മുതല്‍ സംഭരണം തുടങ്ങുമെന്ന പ്രഖ്യാപനവും കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. എങ്കിലും കൃത്യമായ സര്‍ക്കാര്‍ ഉറപ്പും സംരക്ഷണവും വരും ദിവസങ്ങളില്‍ ഉണ്ടായാല്‍ മാത്രമേ രണ്ടാം കൃഷിയുമായി സജീവമായി മുന്നോട്ട് പോകൂ എന്ന നിലപാടിലാണ് കര്‍ഷകര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.