രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍: ധന, വാണിജ്യ മന്ത്രാലയങ്ങളുടെ യോഗം അടുത്തയാഴ്ച; ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണം വന്നേക്കും

രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍: ധന, വാണിജ്യ മന്ത്രാലയങ്ങളുടെ യോഗം അടുത്തയാഴ്ച; ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണം വന്നേക്കും

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് തകര്‍ച്ച. ഇന്ന് രാവിലത്തെ വ്യാപാരത്തിനിടെ മൂല്യം 96.90 നിലവാരത്തിലേക്ക് താഴ്ന്നു. പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ച ഫെബ്രുവരി മുതല്‍ രൂപയുടെ മൂല്യത്തില്‍ ഇതുവരെ ആറ് ശതമാനം ഇടിവുണ്ടായി.

രൂപ കനത്ത ഇടിവ് നേരിടുന്ന പശ്ചാത്തലത്തില്‍ ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. ആഭ്യന്തര ഉല്‍പാദനം പ്രോത്സാഹിപ്പിക്കുക, രൂപയെ ശക്തിപ്പെടുത്തുക, വ്യാപാര കമ്മി കുറയ്ക്കുക എന്നിവയ്ക്കാകും പ്രാധാന്യം നല്‍കുക.

അതിനിടെ ഏപ്രില്‍ മാസത്തിലെ വ്യാപാര കമ്മി 28.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മാര്‍ച്ചില്‍ ഇത് 20.7 ബില്യണ്‍ ഡോളറായിരുന്നു. ഇറക്കുമതിക്കുള്ള ചെലവ് വര്‍ധിച്ചതും കയറ്റുമതിയിലെ കുറവുമാണ് കാരണം.

ധന, വാണിജ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ സാഹചര്യം വിലയിരുത്താന്‍ അടുത്തയാഴ്ച യോഗം ചേരും. ഇറക്കുമതിയെ ആശ്രയിക്കേണ്ടാത്തതും ആഭ്യന്തരമായി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതുമായ സാധനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സാധനങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയേക്കും.

വിതരണ ശൃംഖലയെ ബാധിക്കാത്ത രീതിയിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരും. സ്വര്‍ണ ഇറക്കുമതി കുറയ്ക്കാന്‍ ഇതിനകം തന്നെ തീരുവ കൂട്ടുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ നിര്‍മിക്കാന്‍ കഴിയുന്ന ഉല്‍പന്നങ്ങള്‍ വിദേശത്തു നിന്ന് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ ഇറക്കുമതിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറഞ്ഞ വിലയില്‍ ഇറക്കുമതി ചെയ്യുന്ന ഗുണ നിലവാരമില്ലാത്ത ഉല്‍പന്നങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ പ്രാദേശിക വ്യവസായങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.