യുഎഇയിൽ എല്ലാവർക്കും സമഗ്ര ദേശീയ ആരോഗ്യ ഇൻഷുറൻസ്; ചരിത്ര പ്രഖ്യാപനവുമായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്

യുഎഇയിൽ എല്ലാവർക്കും സമഗ്ര ദേശീയ ആരോഗ്യ ഇൻഷുറൻസ്; ചരിത്ര പ്രഖ്യാപനവുമായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്

അബുദാബി: യുഎഇയിലെ മുഴുവൻ സ്വദേശി പൗരന്മാർക്കും സമഗ്രമായ മെഡിക്കൽ പരിചരണവും മികച്ച ആരോഗ്യ സേവനങ്ങളും ഉറപ്പുനൽകുന്ന പുതിയ ദേശീയ ആരോഗ്യ സംരക്ഷണ സംവിധാനം നടപ്പിലാക്കാൻ യു.എ.ഇ പ്രസിഡന്റ്ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. രാജ്യത്തെ മുഴുവൻ എമിറേറ്റുകളെയും ഉൾപ്പെടുത്തിക്കൊണ്ട് പൂർണമായും സംയോജിപ്പിച്ച ഒരു ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ആകർഷണം.

യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം രാജ്യത്തുടനീളമുള്ള സ്വദേശി പൗരന്മാർക്ക് ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. എല്ലാ എമിറേറ്റുകളിലും ഒരേ നിലവാരത്തിലുള്ള ചികിത്സയും ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള സമഗ്ര സംവിധാനമായിരിക്കും ഇത്.

രോഗങ്ങൾ വരുന്നതിന് മുൻപ് തന്നെ തടയുന്നതിനുള്ള പ്രതിരോധ പരിചരണത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്നും അതിലൂടെ കൂടുതൽ സുസ്ഥിരമായ ദേശീയ ആരോഗ്യ മാതൃകയിലേക്ക് രാജ്യം മാറുമെന്നും അധികൃതർ വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരങ്ങൾക്ക് അനുസൃതമായി ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമതയും സുസ്ഥിരതയും വർധിപ്പിക്കാനും പുതിയ നയം ലക്ഷ്യമിടുന്നു.

നവീകരണ സാധ്യതകളും ഡിജിറ്റൽ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും സേവന വിതരണം കൂടുതൽ വേഗത്തിലും കാര്യക്ഷമമായും മാറ്റുകയും ചെയ്യുമെന്ന് സർക്കാർ അറിയിച്ചു.

മനുഷ്യന്റെ ആരോഗ്യമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ മുൻഗണനയെന്നും അത് സമഗ്ര വികസനത്തിന്റെ കേന്ദ്രസ്തംഭമാണെന്നും യുഎഇ ഭരണകൂടം ആവർത്തിച്ച് വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം. പുതിയ തീരുമാനത്തോടെ യുഎഇയുടെ ആരോഗ്യ മേഖലയിൽ ആഗോള നിലവാരത്തിലുള്ള വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.