വിസ്മയിപ്പിക്കുന്ന പല കാഴ്ചകളുമുണ്ട് ലോകത്ത്. ഇത്തരത്തില്‍ ഒന്നാണ് മുരുട് ജന്‍ജീര കടല്‍ക്കോട്ട. പലര്‍ക്കും സുപരിചിതമാണ് ഈ വിനോദസഞ്ചാര കേന്ദ്രം. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്. ഒരു തീരദേശഗ്രാമമായ മുരുടിനടുത്ത് അറബിക്കടലിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. കാഴ്ചയില്‍ ഒരു രാജ കൊട്ടാരം പൊലെ തോന്നും ഈ കോട്ട. മഹാരാഷ്ട്രയിലെ അലിബാഗില്‍ നിന്നും ഏകദേശം 55 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോട്ടയിലെത്താം.
ദൃശ്യ വിസ്മയങ്ങള്‍ ഒരുക്കുന്നു എന്നതിനപ്പുറം ചരിത്രപ്രസിദ്ധം കൂടിയാണ് മുരുട് ജന്‍ജീര കടല്‍ക്കോട്ട. പതിനഞ്ചാം നൂറ്റാണ്ടിലാണ് ജന്‍ജീര കോട്ടയുടെ ഉദ്ഭവം. അക്കാലത്ത് കടല്‍ക്കൊള്ളക്കാരില്‍ നിന്നും രക്ഷ നേടാന്‍ അവിടുത്തെ പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ ഒരു വലിയ പാറയില്‍ ചെറിയ മരക്കോട്ട പണിതു. എന്നാല്‍ പിന്നീട് ഈ സ്ഥലത്തിന്റെ പ്രത്യേകത മനസ്സിലാക്കിയ അഹമ്മദ്‌നഗറിലെ നിസാം ഷാഹി സുല്‍ത്താന്‍ കോട്ട പിടിച്ചെടുത്തു. മാത്രമല്ല ശക്തമായ ഒരു കടല്‍ക്കോട്ട നിര്‍മിക്കുകയും ചെയ്തു.
ഉയര്‍ന്ന സംരക്ഷണ ഭിത്തിയാണ് കോട്ടയുടേത്. കോട്ടയുടെ ചുറ്റും കടലാണ്. 22-ഓളം കൂറ്റന്‍ കൊത്തളങ്ങളുമുണ്ട് കോട്ടയ്ക്കകത്ത്. ഇവയുടെയെല്ലാം മതിലുകള്‍ നിര്‍മിച്ചിരിക്കുന്നത് കറുത്ത ഉറപ്പുള്ള ഗ്രാനൈറ്റ് കൊണ്ടാണ്. പോര്‍ച്ചുഗീസുകാരുടേയും ബ്രിട്ടീഷുകാരുടേയുമെല്ലാം കടുത്ത ആക്രമണങ്ങളെ നേരിട്ടെങ്കിലും കോട്ടയുടെ ഭൂരിഭാഗവും കേടുപാടുകള്‍ കൂടാതെ ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് അതിശയം.
പീരങ്കികള്‍, ശവകുടീരങ്ങള്‍, വാട്ടര്‍ടാങ്കുകള്‍ എന്നിവയൊക്കെയുമുണ്ട് കോട്ടയ്ക്കകത്ത്. കല്ലില്‍ തീര്‍ത്ത വാസ്തുവിദ്യയാണ് കോട്ടയ്ക്കുള്ളിലെ മറ്റൊരു അദ്ഭുതം. നിരവധി കെട്ടിടങ്ങള്‍ ചേര്‍ന്നതാണ് കോട്ട. ഭൂഗര്‍ഭപാതകള്‍ വരെയുണ്ട് കോട്ടയ്ക്കകത്ത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരവധിപ്പേര്‍ ഈ കോട്ടയ്ക്കകത്ത് താമസിച്ചിരുന്നതായാണ് പറയപ്പെടുന്നത്. ഇന്നും കോട്ടയ്ക്കുള്ളില്‍ ബാക്കി നില്‍ക്കുന്ന ചില ശേഷിപ്പുകളും ഇക്കാര്യം ശരി വയ്ക്കുന്നു. കളപ്പുരഖലും കുതിരാലയങ്ങളും പള്ളികളും ശുദ്ധജല ടാങ്കുളുമൊക്കെ ഇതിന് ചില ഉദാഹരണങ്ങള്‍ മാത്രം. എന്തായാലും കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ദൃശ്യ വിസ്മയം തന്നെയാണ് മുരുട് ജന്‍ജീര കടല്‍ക്കോട്ട.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.