കേരള നിയമസഭയ്ക്ക് പുതിയ നാഥന്‍; 101 വോട്ടുകളുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ കസേരയിലേക്ക്

കേരള നിയമസഭയ്ക്ക് പുതിയ നാഥന്‍; 101 വോട്ടുകളുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ കസേരയിലേക്ക്

തിരുവനന്തപുരം: കോട്ടയം എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. സഭയില്‍ നടന്ന ത്രികോണ മത്സരത്തില്‍ 101 വോട്ടുകള്‍ നേടിയാണ് അദേഹം സ്പീക്കര്‍ കസേരയില്‍ എത്തിയത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.സി മൊയ്തീന് 35 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി.ബി ഗോപകുമാറിന് മൂന്ന് വോട്ടുകളുമാണ് ലഭിച്ചത്.

138 വര്‍ഷത്തെ ദീര്‍ഘമായ പാരമ്പര്യമുള്ള കേരള നിയമസഭയുടെ 25-ാമത് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ അഭിമാനമുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഏറ്റവും നിര്‍ണായകമായ ചുമതലയാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും ഈ പദവിയില്‍ നൂറു ശതമാനം സംതൃപ്തിയുണ്ടെന്നും അദേഹം പറഞ്ഞു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ജനതാല്‍പര്യം മുന്‍നിര്‍ത്തി നിയമസഭയെ വേണ്ടവിധം വിനിയോഗിക്കണമെന്നും പുതിയ സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

ആകെ 139 അംഗങ്ങളാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. സഭയിലെ മുതിര്‍ന്ന അംഗവും അമ്പലപ്പുഴ എംഎല്‍എയുമായ ജി. സുധാകരനായിരുന്നു പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. പ്രോ ടേം സ്പീക്കര്‍ പദവിയിലായിരുന്നതിനാല്‍ ജി. സുധാകരന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേര്‍ന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഔദ്യോഗികമായി സ്പീക്കര്‍ പദവിയിലേക്ക് ആനയിച്ചു.

സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ ഇതാദ്യമായി മൂന്ന് മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ സ്പീക്കര്‍ പദവിക്കായി മത്സരരംഗത്തുണ്ടായിരുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ടായിരുന്നു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നാമനിര്‍ദേശം ചെയ്തുകൊണ്ട് നാല് സെറ്റ് പത്രികകളാണ് സഭയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. വി.ഡി സതീശന്‍ നിര്‍ദേശിച്ച് സണ്ണി ജോസഫ് പിന്താങ്ങിയതായിരുന്നു ആദ്യ പത്രിക. പി.കെ കുഞ്ഞാലിക്കുട്ടി-പി.കെ ബഷീര്‍, മോന്‍സ് ജോസഫ്-അനൂപ് ജേക്കബ്, ഷിബു ബേബി ജോണ്‍-സി.പി ജോണ്‍ എന്നിവരായിരുന്നു മറ്റ് പത്രികകള്‍ സമര്‍പ്പിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.സി മൊയ്തീനായി പിണറായി വിജയന്‍ നിര്‍ദേശിച്ച് കെ. രാജന്‍ പിന്താങ്ങിയ പത്രികയും, കെ.എന്‍ ബാലഗോപാല്‍ നിര്‍ദേശിച്ച് പി.കെ പ്രവീണ്‍ പിന്താങ്ങിയ പത്രികയുമാണ് നല്‍കിയിരുന്നത്.

ബി.ബി ഗോപകുമാറിനായി രാജീവ് ചന്ദ്രശേഖര്‍ പേര് നിര്‍ദേശിക്കുകയും വി. മുരളീധരന്‍ പിന്താങ്ങുകയുമാണ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.