തിരുവനന്തപുരം: വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന് പറഞ്ഞത് ചിലര്‍ വിവാദമാക്കിയെങ്കിലും ഇന്ന് നിയമസഭയില്‍ എംഎല്‍എയായുള്ള സത്യപ്രതിജ്ഞയിലും പിതാവിന്റെ പേരായ 'ദാമോദര മേനോന്‍' ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍.
'ഞാന്‍ എന്റെ അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം'; അതാണ് അച്ഛന്റെ പേര്' എന്നാണ് അന്ന് വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. അമ്മയുടെ പേര് കൂടി പറയാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ അദേഹം പറഞ്ഞു. സത്യപ്രതിജ്ഞയില്‍ തന്റെ പൂര്‍ണ പേരാണ് വായിച്ചത്.
പാസ്‌പോര്‍ട്ടില്‍ എഴുതുന്നതും അങ്ങനെയാണല്ലോ. അച്ഛന്റെ പേര് പറയാന്‍ വേണ്ടിയാണ് പൂര്‍ണ പേര് വായിച്ചത്. അതില്‍ നിറഞ്ഞ സന്തോഷമാണ്. മാതാപിതാക്കളെ ഓര്‍ക്കേണ്ടേ. അമ്മയുടെ പേര് പറയാന്‍ സാധിക്കാത്തതിനാലാണ് പറയാതിരുന്നത്.
ഡോ. ജിന്റോ ജോണിനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കളും ഇടതുപക്ഷ അനുഭാവികളും മറ്റ് ചില സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും മുഖ്യമന്ത്രി 'ജാതിപ്പേര്' ഉപയോഗിച്ചു എന്ന രീതിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഗൗരവം എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞക്ക് ശേഷം സ്പീക്കറുടെ ഡയസിലേക്കെത്തിയ പിണറായി, ജി. സുധാകരന് കൈ കൊടുത്തു. നിറ പുഞ്ചിരിയോടെയാണ് ഇരുവരും സംസാരിച്ചത്. അമ്പലപ്പുഴയില്‍ നിന്നു സ്വതന്ത്രനായി ജയിച്ച മുന്‍ സിപിഎം നേതാവ് ജി. സുധാകരന്‍ സഭയിലെ മുതിര്‍ന്ന നേതാവെന്ന നിലയിലാണ് പ്രോ ടേം സ്പീക്കറായത്.
ജി. സുധാകരന് മുന്നില്‍ പിണറായി വിജയന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തുമോ ഇല്ലയോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. നിയമപ്രകാരം ആദ്യദിനം പ്രോ ടേം സ്പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക്, പിന്നീട് സ്ഥിരം സ്പീക്കര്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം അദേഹത്തിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരമുണ്ട്.
തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യര്‍ ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ച് ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ 140 എംഎല്‍എമാരുടെയും സത്യപ്രതിജ്ഞ പൂര്‍ത്തിയായി.
സത്യപ്രതിജ്ഞക്കിടെ കൗതുകമുണര്‍ത്തുന്ന കാഴ്ചകളും കാണാമായിരുന്നു. സിപിഎം വിട്ട് തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ടി.കെ ഗോവിന്ദന്‍ സത്യവാചകം ചൊല്ലുന്നതിനു മുമ്പ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അടുത്തെത്തി ഹസ്തദാനം നല്‍കി.
കൈയടിച്ചാണ് ഭരണബെഞ്ച് അദേഹത്തെ വരവേറ്റത്. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട് പയ്യന്നൂരില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു ജയിച്ച വി. കുഞ്ഞികൃഷ്ണനും സത്യപ്രതിജ്ഞക്ക് ശേഷം പിണറായി വിജയനെ അഭിവാദ്യം ചെയ്തു. സഗൗരവത്തിലാണ് കുഞ്ഞികൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തത്.
മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫ് കന്നഡ ഭാഷയിലാണ് സത്യവാചകം ചൊല്ലിയത്. ദേവികുളം എംഎല്‍എ എഫ്. രാജ തമിഴിലും സത്യവാചകം ചൊല്ലി. സൈക്കിളില്‍ നിയമസഭയിലെത്തിയ പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ ടീ ഷര്‍ട്ടില്‍ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ചിത്രവും ആലേഖനം ചെയ്തിരുന്നു.
ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ കളമശേരി എംഎല്‍എയും ഫിഷറീസ് മന്ത്രിയുമായ വി.ഇ അബ്ദുല്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സ്പീക്കര്‍ തിരഞ്ഞെടെുപ്പ് വെള്ളിയാഴ്ച നടക്കും. മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.