നീറ്റ് യുജി പരീക്ഷയില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കേന്ദ്രം; ഉയര്‍ന്ന പ്രായപരിധിയും നിയന്ത്രണങ്ങളും വന്നേക്കും

നീറ്റ് യുജി പരീക്ഷയില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കേന്ദ്രം; ഉയര്‍ന്ന പ്രായപരിധിയും നിയന്ത്രണങ്ങളും വന്നേക്കും

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജി നടത്തിപ്പില്‍ നിര്‍ണായക പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയും സംയുക്തമായി ഒരുങ്ങുന്നു. പരീക്ഷ എഴുതുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി പുനസ്ഥാപിക്കുന്നതും പരമാവധി എഴുതാവുന്ന തവണകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള നിര്‍ണായക ശുപാര്‍ശകളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്.

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ എന്‍ടിഎയും വിദ്യാഭ്യാസ മന്ത്രാലയവും ഈ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.

നിലവില്‍ നീറ്റ് യുജി പരീക്ഷ എഴുതുന്നതിന് കുറഞ്ഞ പ്രായം 17 വയസ് തികഞ്ഞിരിക്കണം എന്നതൊഴിച്ചാല്‍ ഉയര്‍ന്ന പ്രായപരിധിയോ പരീക്ഷ എഴുതാവുന്ന തവണകളിലോ യാതൊരു നിയന്ത്രണവുമില്ല. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളോളം ഈ ഒരു പരീക്ഷയ്ക്ക് വേണ്ടി മാത്രം സമയം കളയുന്നത് ഒഴിവാക്കാനും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പാക്കാനുമായി പ്രായപരിധിയും പരമാവധി എഴുതാവുന്ന തവണകളും നിശ്ചയിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ഹെല്‍ത്ത് മന്ത്രാലയവുമായി ആലോചിച്ച് ഇവ ദീര്‍ഘകാല പരിഷ്‌കാരങ്ങളുടെ ഭാഗമായി നടപ്പിലാക്കാനാണ് ആലോചന.

ചോദ്യ പേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും പൂര്‍ണമായി തടയുന്നതിനായി പേനയും പേപ്പറും ഉപയോഗിച്ചുള്ള (ഒഎംആര്‍) നിലവിലെ രീതിക്ക് പകരം കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ രീതി നടപ്പിലാക്കും. ജെഇഇ പരീക്ഷയ്ക്ക് സമാനമായി വിവിധ ദിവസങ്ങളിലായി ഒന്നിലധികം സെഷനുകളായും ഘട്ടങ്ങളായും പരീക്ഷ നടത്താനാണ് പദ്ധതി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം 2027 മുതല്‍ നീറ്റ് പരീക്ഷ പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായി മാറും. എന്നാല്‍ ക്രമക്കേടുകളെ തുടര്‍ന്ന് റദ്ദാക്കിയ ഈ വര്‍ഷത്തെ പരീക്ഷയ്ക്ക് പകരമായി ജൂണ്‍ 21 ന് നടക്കുന്ന റീ-ടെസ്റ്റ് പഴയതുപോലെ ഓഫ്‌ലൈന്‍ ഒഎംആര്‍ ഷീറ്റ് മാതൃകയില്‍ തന്നെയായിരിക്കും നടക്കുക.

എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകളെ ഭാവിയില്‍ ഒരുമിപ്പിച്ച് ഒരൊറ്റ പൊതു പരീക്ഷാ സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ മന്ത്രാലയം ഗൗരവകരമായ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക സൗകര്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഒരുമിപ്പിക്കുന്നതിനാണ് ഈ പുതിയ നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.