എബോള ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കേരളത്തില്‍ 21 ദിവസം നിരീക്ഷണം; പരിശോധനകള്‍ ശക്തമാക്കി സര്‍ക്കാര്‍

എബോള ബാധിത രാജ്യങ്ങളില്‍  നിന്നെത്തുന്നവര്‍ക്ക് കേരളത്തില്‍ 21 ദിവസം നിരീക്ഷണം; പരിശോധനകള്‍ ശക്തമാക്കി സര്‍ക്കാര്‍

കൊച്ചി: എബോള രോഗബാധ പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയും കേന്ദ്ര സര്‍ക്കാരും നല്‍കിയ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ രോഗബാധിത പ്രദേശങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് 21 ദിവസം വരെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം.

ഇതേ തുടര്‍ന്ന് കൊച്ചി അടക്കം വിവിധ വിമാനത്താവളങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. എബോള സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ ആളുകളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും റിപ്പോര്‍ട്ട് ചെയ്യണം.

നിലവില്‍ ഇന്ത്യയില്‍ എവിടെയും എബോള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദ്രുതകര്‍മ സമിതി യോഗം വ്യക്തമാക്കി.

എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

പനി, കടുത്ത ക്ഷീണം, തലവേദന, പേശീ വേദന, ഛര്‍ദി, വയറിളക്കം, തൊണ്ട വേദന, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരും രോഗ ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും വിമാനത്താവളങ്ങളിലെ ഹെല്‍ത്ത് ഡെസ്‌കില്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണം.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുറമുഖങ്ങളിലും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനായി ഐസൊലേഷന്‍ സൗകര്യങ്ങളോടു കൂടിയ തീവ്രപരിചരണ വിഭാഗങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പിപിഇ കിറ്റുകള്‍ ഉറപ്പാക്കാനും അണുബാധ നിയന്ത്രണ പ്രോട്ടോക്കോളുകളില്‍ പ്രത്യേക പരിശീലനം നല്‍കാനും മന്ത്രി കെ. മുരളീധരന്‍ നിര്‍ദേശം നല്‍കി.

ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (എപിഎച്ച്ഒ) നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പനി, ബലഹീനത, തലവേദന, പേശി വേദന, ഛര്‍ദി, വയറിളക്കം, തൊണ്ട വേദന, രക്ത സ്രാവം തുടങ്ങിയ ലക്ഷണങ്ങളുള്ള യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിക്കുന്നു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ പരാമര്‍ശിച്ചാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡിജിഎച്ച്എസ്) നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഈ രാജ്യങ്ങളെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഉയര്‍ന്ന അപകട സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.