ടെഹ്റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലേക്ക്. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി സയ്യിദ് മുഹ്സിന്‍ നഖ്വി വെള്ളിയാഴ്ച ഇറാനിയന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ടെഹ്റാനില്‍ കൂടിക്കാഴ്ച നടത്തി.
അമേരിക്കയുടെ ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍ ഇറാനിയന്‍ നേതൃത്വത്തിന് കൈമാറാന്‍ കഴിഞ്ഞ ചൊവ്വാഴ്ചയും നഖ്വി ഇറാന്‍ സന്ദര്‍ശിച്ചിരുന്നു. യുഎസ്-ഇറാന്‍ സമാധാന പ്രക്രിയയില്‍ വഴിത്തിരിവ് ഉണ്ടാക്കാന്‍ പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി കാര്യമായ ശ്രമങ്ങളാണ് നടത്തുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ ഒരു യുദ്ധ വിരുദ്ധ രൂപരേഖ തയ്യാറാക്കാനായി നഖ്വി തീവ്രമായ ഷട്ടില്‍ ഡിപ്ലോമസി ആണ് നടത്തുന്നതെന്ന് ഇറാന്റെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇസ്ന വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ച ഇറാന്‍ മുന്നോട്ടുവെച്ച ചില നിര്‍ദേശങ്ങള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചതിനെ തുടര്‍ന്നാണ് പുതിയ യു.എസ് നിര്‍ദേശങ്ങളുമായി നഖ്വി വീണ്ടും ടെഹ്റാനില്‍ എത്തിയത്. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെങ്കിലും ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണവും യുറേനിയം ശേഖരവുമാണ് രണ്ട് പ്രധാന തര്‍ക്ക വിഷയങ്ങള്‍.
തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്ന് പോകുന്ന കപ്പലുകളില്‍ നിന്ന് ഇറാന്‍ ടോള്‍ പിരിക്കുന്നത് പൂര്‍ണമായും നിര്‍ത്തലാക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍ അന്താരാഷ്ട്ര ജലപാതയെന്ന പദവി അംഗീകരിക്കുമ്പോഴും തങ്ങളുടെ നിബന്ധനകള്‍ പാലിക്കുന്ന കപ്പലുകള്‍ക്ക് മാത്രമേ അനുമതി നല്‍കൂ എന്ന നിലപാടിലാണ് ഇറാന്‍.
ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂര്‍ണമായി വിദേശത്തേക്ക് മാറ്റണമെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെടുന്നു. എന്നാല്‍ യുറേനിയം ശേഖരം രാജ്യത്തിന് പുറത്തേക്ക് അയക്കരുതെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്താബ ഖൊമേനി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചില നല്ല സൂചനകളുണ്ടെങ്കിലും അമിത ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് ടോളുകളില്ലാതെ സ്വതന്ത്രമായി തുറന്ന് നല്‍കണം. അടുത്ത കുറച്ച് ദിവസങ്ങള്‍ നിര്‍ണായകമാണെന്നും അദേഹം പറഞ്ഞു.
യുദ്ധം കാരണം ആഗോള വിപണിയില്‍ എണ്ണ വില കുതിച്ചുയരുകയും ലോക സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍, സമാധാനം പുനസ്ഥാപിക്കാന്‍ അറബ് രാജ്യങ്ങള്‍ ഇരുപക്ഷത്തിനും മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. മേഖലയിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറും ഉടന്‍ തന്നെ ടെഹ്റാനിലെത്തുമെന്നാണ് സൂചന.
അതേസമയം തായ്‌വാനിലേക്കുള്ള ആയുധ വിതരണം അമേരിക്ക താല്‍കാലികമായി നിര്‍ത്തിവെച്ചതും ഇസ്രയേല്‍ നേരിടുന്ന സുരക്ഷാ വെല്ലുവിളികളും നിലവിലെ പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ ആഴം കൂട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത സൈനിക നടപടികളിലേക്ക് പോകാതെ ഉപരോധങ്ങളിലൂടെ ഇറാനെ സമ്മര്‍ദ്ദത്തിലാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. എന്നിരുന്നാലും ഉപരോധങ്ങളെ പ്രതിരോധിച്ച് തങ്ങള്‍ക്ക് അനുകൂലമായ ഒരു കരാറിലെത്താനാണ് ഇറാന്റെ നീക്കം. അതുകൊണ്ട് തന്നെ നിലവിലെ അവസ്ഥ പരിഹരിക്കാനുള്ള പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങളെ അതീവ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം വീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.