ഇലക്ട്രിക് ടവറുകൾക്ക് മുകളിൽ പ്രത്യാശയുടെ രൂപങ്ങൾ; സഹപ്രവർത്തകർക്കായി 'നിശബ്ദ സുവിശേഷവുമായി' ഒരു ലൈൻമാൻ

ഇലക്ട്രിക് ടവറുകൾക്ക് മുകളിൽ പ്രത്യാശയുടെ രൂപങ്ങൾ; സഹപ്രവർത്തകർക്കായി 'നിശബ്ദ സുവിശേഷവുമായി' ഒരു ലൈൻമാൻ

വാഷിങ്ടൺ : നൂറുകണക്കിനടി ഉയരത്തിൽ മരണത്തെ മുഖാമുഖം കണ്ട് ഹൈ വോൾട്ടേജ് ലൈനുകൾക്കിടയിൽ ജോലി ചെയ്യുമ്പോഴും വിശ്വാസവും സഹപ്രവർത്തകരോടുള്ള കരുതലും കൈവിടാതെ ഒരു ലൈൻമാൻ ചെയ്ത കൊച്ചു പ്രവർത്തി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുന്നു.

അതിശക്തമായ കാറ്റിലും കഠിനമായ കാലാവസ്ഥയിലും, ചെറിയൊരു പിഴവുപോലും ജീവനപഹരിക്കാവുന്ന അതീവ അപകടകരമായ സാഹചര്യത്തിലാണ് ലൈൻമാന്മാർ ജോലി ചെയ്യുന്നത്. ഇത്തരത്തിൽ ഭയവും സമ്മർദ്ദവും നിറഞ്ഞ അന്തരീക്ഷത്തിൽ ടവറുകളിൽ അറ്റകുറ്റപ്പണിക്കായി കയറുന്ന മറ്റ് സഹപ്രവർത്തകർക്ക് മാനസികമായ ധൈര്യവും ദൈവസംരക്ഷണത്തിന്റെ ബോധ്യവും പകരുകയാണ് ഈ അജ്ഞാതനായ തൊഴിലാളി.

'ലിമിറ്റഡ് എഡിഷൻ 135' എന്ന സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള വിശ്വാസികൾക്കിടയിൽ തരംഗമായി മാറിയിരിക്കുന്നത്. ടവറുകളുടെ മുകളിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിൽ യേശുക്രിസ്തുവിന്റെ ചെറിയ രൂപങ്ങൾ പശ ഉപയോഗിച്ച് ടവറിന്റെ ഇരുമ്പ് ചട്ടക്കൂടുകളിൽ ഉറപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. "മറ്റൊരു ലൈൻമാൻ കാണുവാനായി ഞാൻ യേശുവിനെ ഇവിടെ വയ്ക്കുന്നു, ആമേൻ..." എന്ന ഹൃദയസ്പർശിയായ വാക്കുകളോടെയാണ് അദേഹം ഈ കൊച്ചുരൂപങ്ങൾ സ്ഥാപിക്കുന്നത്.

അപകടം പതിയിരിക്കുന്ന ഉയരങ്ങളിൽ ജോലിക്കെത്തുന്ന മറ്റൊരു സഹപ്രവർത്തകൻ അപ്രതീക്ഷിതമായി ഈ കുഞ്ഞുരൂപം കാണുമ്പോൾ "ഭയപ്പെടേണ്ട ഞാൻ നിന്നോടുകൂടെയുണ്ട്" എന്ന ദൈവവചനമാണ് അവിടെ അന്വർത്ഥമാകുന്നതെന്ന് വീഡിയോ കണ്ടവർ സാക്ഷ്യപ്പെടുത്തുന്നു. കഠിനമായ ജോലിഭാരത്തിനിടയിൽ ഏതെങ്കിലും ഒരു സഹോദരൻ തളർന്നുനിൽക്കുന്ന നിമിഷം ഈ രൂപം കാണാനിടയായാൽ, കർത്താവ് തന്നെ കൈവിട്ടിട്ടില്ലെന്ന വലിയ തിരിച്ചറിവ് അത് നൽകുമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന പ്രതികരണം.

അരദശലക്ഷത്തിലധികം ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് താഴെ ഹൃദ്യമായ ക്രിസ്തീയ സാക്ഷ്യങ്ങളാണ് നിറയുന്നത്. സഹപ്രവർത്തകർക്കായി പ്രാർത്ഥിച്ചുകൊണ്ടോ ഒരു കൊച്ചു ബൈബിൾ വാക്യം കൈമാറിക്കൊണ്ടോ തളർന്നിരിക്കുന്നവനെ ചേർത്തുപിടിച്ചുകൊണ്ടോ നമുക്കും ഈ ലോകത്തിൽ ക്രിസ്തുവിന്റെ കരങ്ങളായി മാറാമെന്ന് സ്വന്തം പ്രവർത്തിയിലൂടെ ഈ ലൈൻമാൻ തെളിയിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.