ലാഭക്കൊതിയില്ലാതെ മുപ്പത് വര്‍ഷമായി ഭക്ഷണം വിളമ്പുന്നു, വെല്ലുവിളിയായി മഹാമാരി; കാണാതെ പോകരുത് ഉള്ളു പൊള്ളിക്കുന്ന ഈ കരച്ചില്‍- വീഡിയോ

ലാഭക്കൊതിയില്ലാതെ മുപ്പത് വര്‍ഷമായി ഭക്ഷണം വിളമ്പുന്നു, വെല്ലുവിളിയായി മഹാമാരി; കാണാതെ പോകരുത് ഉള്ളു പൊള്ളിക്കുന്ന ഈ കരച്ചില്‍- വീഡിയോ

മാസങ്ങള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി നമ്മെ അലട്ടിത്തുടങ്ങിയിട്ട്. മാസ്‌കു ധരിച്ചും സാമൂഹിക അകലവും വ്യക്തി ശുചിത്വവും ഒക്കെ പാലിച്ചിട്ടും തടയിടാന്‍ സാധിച്ചിട്ടില്ല കൊറോണ വൈറസിന്റെ വ്യാപനത്തിന്. ഇന്ത്യയില്‍ അറുപത്തിയെട്ട് ലക്ഷത്തിലും അധികം ആളുകള്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചിരിക്കുന്നത്.  

എന്നാല്‍ രോഗബാധിതരേക്കാള്‍ അധികമാണ് കൊവിഡ് മൂലം മറ്റ് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നവരുടെ എണ്ണം. പലര്‍ക്കും ജോലി നഷ്ടമായി, വരുമാനമാര്‍ഗങ്ങള്‍ കുറഞ്ഞു. അന്നന്നു വേണ്ടുന്ന ആഹാരത്തിനായി ജോലി ചെയ്യുന്നവരുടെ ജീവിതത്തെ ഗുരുതരമായി തന്നെ ബാധിച്ചിരിക്കുകയാണ് ഈ മഹാമാരിക്കാലം. 

കൊവിഡ് കാലം തീര്‍ത്ത പ്രതിസന്ധിയുടെ തീവ്രത എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി ഭക്ഷണം വിളമ്പി ജീവിക്കുന്ന വൃദ്ധ ദമ്പതികളുടേതാണ് ഈ വീഡിയോ. ഇവരുടെ കരച്ചില്‍ ആരുടേയും മിഴി നിറയ്ക്കും.  

സൗത്ത് ഡല്‍ഹിയില്‍ ബാബാ കാ ദാബ എന്ന പേരില്‍ ചായക്കട നടത്തി ജീവിക്കുന്ന കാന്താ പ്രസാദിന്റേയും ഭാര്യയുടേയും ജീവിതം ആരുടേയും ഉള്ളു തൊടുന്ന. സാമ്പത്തിക ലാഭം ലക്ഷ്യം വയ്ക്കാതെ കച്ചവ്വടം നടത്തിയ ഇവരെ കൊവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. വസുന്ധര ശര്‍മ്മ എന്ന യുവതിയാണ് ഇരുവരുടേയും അവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിയത്. എണ്‍പതുകാരനായ കാന്താ പ്രസാദ് തന്റെ അവസ്ഥയെക്കുറിച്ച് നിറകണ്ണുകളോടെയാണ് പങ്കുവയ്ക്കുന്നത്.  

ഇവരുടെ കടയില്‍ രാവിലെ ഒമ്പതരയോടെ ഭക്ഷണം എല്ലാം പാകമാകും. ചോറും കറികളും ഉള്‍പ്പെടെ. മുപ്പത് മുതല്‍ അമ്പത് പേര്‍ക്ക് വരെ എന്ന കണക്കിലാണ് പാചകം. ഇതില്‍ നിന്നും കിട്ടുന്ന വരുമാനമോ കുറച്ച് പത്തുരൂപാ നോട്ടുകള്‍ മാത്രം. കാന്താപ്രസാദിന്റെ വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് വീഡിയോ പങ്കുവെച്ച് രംഗത്തെത്തുന്നത്. ബോളിവുഡ് ചലച്ചിത്ര താരങ്ങളായ സോനം കപൂര്‍, സുനില്‍ ഷെട്ടി, രവീണ ടണ്ഠന്‍, ക്രിക്കറ്റ്താരം ആര്‍ അശ്വിന്‍ എന്നിവര്‍ വീഡിയോ പങ്കുവെച്ചു. നിരവധിപ്പേര്‍ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.  


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.