ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തയാറെടുക്കുന്നു. അപകടത്തിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജൂണില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സാധ്യതയില്ലെന്നും ജൂലൈയോടെ ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവിട്ടേക്കുമെന്നുമാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നത്.
അന്വേഷണത്തിലെ സങ്കീര്‍ണമായ സാങ്കേതിക വശങ്ങള്‍ പരിശോധിക്കേണ്ടതുള്ളതിനാലാണ് അന്തിമ റിപ്പോര്‍ട്ട് വൈകുന്നത്. അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടനയുടെ നിയമപ്രകാരം അപകടം നടന്ന് ഒരു വര്‍ഷത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന് സാധിക്കാതെ വരുന്ന സാഹചര്യത്തിലാണ് നിലവിലെ പുരോഗതി വ്യക്തമാക്കുന്ന വിശദമായ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
അപകടം നടന്ന് ഒരു മാസത്തിന് ശേഷം (2025 ജൂലൈയില്‍) എഎഐബി പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. വിമാനം പറന്നുയര്‍ന്ന് മൂന്ന് സെക്കന്‍ഡുകള്‍ക്ക് ശേഷം രണ്ട് എന്‍ജിനുകളുടെയും ഫ്യുവല്‍ സ്വിച്ചുകള്‍ റണ്‍ പൊസിഷനില്‍ നിന്ന് കട്ട് ഓഫ് പൊസിഷനിലേക്ക് മാറിയതാണ് പെട്ടെന്ന് കുതിപ്പ് നഷ്ടപ്പെടാന്‍ കാരണമായത്.
കോക്പിറ്റിലെ ഓഡിയോ റെക്കോര്‍ഡുകള്‍ പ്രകാരം സ്വിച്ചുകള്‍ മാറിയതിനെക്കുറിച്ച് പൈലറ്റുമാര്‍ തമ്മില്‍ ആശയക്കുഴപ്പം ഉണ്ടായതായി വ്യക്തമായിരുന്നു. സ്വിച്ച് എന്തുകൊണ്ടാണ് കട്ട് ഓഫ് ആക്കിയതെന്ന് ഒരു പൈലറ്റ് ചോദിക്കുമ്പോള്‍, താന്‍ അത് മാറ്റിയിട്ടില്ലെന്ന് രണ്ടാമത്തെ പൈലറ്റ് മറുപടി നല്‍കുന്നുണ്ട്. ഉടന്‍ തന്നെ സ്വിച്ചുകള്‍ വീണ്ടും റണ്‍ പൊസിഷനിലേക്ക് മാറ്റിയെങ്കിലും സെക്കന്‍ഡുകള്‍ക്കകം വിമാനം തകരുകയായിരുന്നു.
2025 ജൂണ്‍ 12 നായിരുന്നു ഇന്ത്യന്‍ വ്യോമയാന ചരിത്രത്തെ നടുക്കിയ ദുരന്തം. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് 242 യാത്രക്കാരുമായി ഉച്ചയ്ക്ക് 1:39 ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 7878 ഡ്രീംലൈനര്‍ വിമാനം, വെറും 32 സെക്കന്‍ഡുകള്‍ക്കകം വിമാനത്താവളത്തിന് സമീപമുള്ള ബി.ജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ വളപ്പിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 2 പൈലറ്റുമാരുള്‍പ്പെടെ 12 ജീവനക്കാരും അപകടത്തില്‍ മരണപ്പെട്ടു. ഒരാള്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇതിന് പുറമെ വിമാനം പതിച്ച കെട്ടിടത്തിലുണ്ടായിരുന്ന 19 പേരും മരണപ്പെട്ടിരുന്നു. മരിച്ചവരില്‍ 169 പേര്‍ ഇന്ത്യന്‍ പൗരന്മാരും, ബാക്കിയുള്ളവര്‍ വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജരുമായിരുന്നു. രണ്ട് കൈക്കുഞ്ഞുങ്ങളും 11 കുട്ടികളും ഇരകളില്‍ ഉള്‍പ്പെടുന്നു.
അമേരിക്കയിലെയും യു.കെയിലെയും അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികളും ബോയിങ് പ്രതിനിധികളും നിലവില്‍ ഈ അന്വേഷണത്തില്‍ പങ്കാളികളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.