ന്യൂഡല്‍ഹി: പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് സിംഗപ്പൂര്‍ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിച്ചതിനെത്തുടര്‍ന്നുള്ള കോടതിയ ലക്ഷ്യ നടപടിയിലാണ് ശിക്ഷ. സ്വന്തം സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് സംബന്ധിച്ച് 2024 ഏപ്രില്‍ മുതല്‍ കോടതി പുറപ്പെടുവിച്ച ഒന്നിലധികം ഉത്തരവുകള്‍ ബൈജു രവീന്ദ്രന്‍ ലംഘിച്ചതായി സിംഗപ്പൂര്‍ കോടതി കണ്ടെത്തി.
ശിക്ഷാ വിധിയുടെ ഭാഗമായി സിംഗപ്പൂര്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ കോടതിച്ചെലവായി 90,000 സിംഗപ്പൂര്‍ ഡോളര്‍ പിഴയടയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. ബൈജൂസിന്റെ അനുബന്ധ കമ്പനിയായ ബിആര്‍ ഇന്‍വെസ്റ്റ്‌കോ എന്ന സ്ഥാപനത്തിന്റെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ കീഴിലുള്ള ഖത്തര്‍ ഹോള്‍ഡിങ്‌സ് നല്‍കിയ ഹര്‍ജിയിലാണ് സിംഗപ്പൂര്‍ കോടതിയുടെ നിര്‍ണായക നടപടി. ബൈജൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ വെട്ടിക്കുറയ്ക്കലും നേരിട്ടിരുന്ന ഘട്ടത്തിലാണ് ഖത്തര്‍ ഹോള്‍ഡിങ്‌സ് കമ്പനിയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയത്.
കോടതിയില്‍ ഖത്തര്‍ ഹോള്‍ഡിങ്‌സിനായി പ്രമുഖ നിയമ സ്ഥാപനമായ ഡ്രൂ ആന്‍ഡ് നേപ്പിയര്‍ ഹാജരായപ്പോള്‍, ബൈജൂസ് ഇന്‍വെസ്റ്റ്മെന്റിനായി ഫെര്‍വെന്റ് ചേമ്പേഴ്‌സ് ആണ് വാദിച്ചത്.
ഒരു കാലത്ത് 22 ബില്യണ്‍ ഡോളര്‍ മൂല്യവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ലോകത്തെ ഏറ്റവും വലിയ വിജയഗാഥയായി ഉയര്‍ത്തിക്കാട്ടപ്പെട്ടിരുന്ന ബൈജൂസിനും അതിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രനും അന്താരാഷ്ട്ര തലത്തില്‍ നേരിടുന്ന ഏറ്റവും വലിയ നിയമപരമായ തിരിച്ചടിയാണ് ഈ കോടതി വിധി. അമേരിക്കയിലും സമാനമായ രീതിയില്‍ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് നിക്ഷേപകരുമായി വലിയ നിയമ പോരാട്ടത്തിലാണ് ബൈജു രവീന്ദ്രന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.