കര്‍ണാടകയില്‍ ഇനി ഡി.കെ ഭരണം: നേതൃമാറ്റത്തില്‍ ധാരണയായി; സിദ്ധരാമയ്യ ദേശീയ രാഷ്ട്രീയത്തിലേക്ക്

 കര്‍ണാടകയില്‍ ഇനി ഡി.കെ ഭരണം: നേതൃമാറ്റത്തില്‍ ധാരണയായി; സിദ്ധരാമയ്യ ദേശീയ രാഷ്ട്രീയത്തിലേക്ക്

ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ അടുത്ത ആഴ്ച ഉണ്ടായേക്കും. സിദ്ധരാമയ്യയുടെ മകന്‍ ഡോ. യതീന്ദ്രയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും.

ബംഗളുരു: കര്‍ണാടകയിലെ നേതൃമാറ്റ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യയെ മാറ്റി പകരം ഡി.കെ ശിവകുമാറിനെ നിയമിക്കാന്‍ ധാരണയായി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും.

അടുത്ത ആഴ്ച തന്നെ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേക്കും എന്നാണറിയുന്നത്. നിലവില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമാണ് ഡി.കെ. ശിവകുമാര്‍.

അതിനിടെ സംസ്ഥാന കോണ്‍ഗ്രസിലും അണിയറ നീക്കങ്ങള്‍ സജീവമാണ്. ഡി.കെയ്ക്ക് മുഖ്യമന്ത്രി പദവി നല്‍കിയാല്‍ തന്റെ മകന്‍ ഡോ. യതീന്ദ്രയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നും തന്റെ വിശ്വസ്തനായ സതീഷ് ജാര്‍ക്കിഹോളിയെ പിസിസി അധ്യക്ഷനാക്കണം എന്നതുമാണ് സിദ്ധരാമയ്യ മുന്നോട്ട് വച്ചിരിക്കുന്ന ഡിമാന്റുകള്‍.

മാസങ്ങളായി നീണ്ട നേതൃതര്‍ക്കത്തിനൊടുവില്‍ കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വവും ഹൈക്കമാന്‍ഡും തമ്മില്‍ ഡല്‍ഹിയില്‍ ദിവസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് നേതൃമാറ്റമെന്ന തീരുമാനത്തിലെത്തിയത്. സിദ്ധരാമയ്യയ്ക്ക് രാജ്യസഭ സീറ്റിനൊപ്പം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ സുപ്രധാന പദവിയും ഹൈക്കമാന്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ സാമൂഹിക നീതിയും ജാതി ബോധന തന്ത്രവും മൂര്‍ച്ച കൂട്ടുന്നതിനാല്‍ സിദ്ധരാമയ്യ ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രധാന ഒബിസി മുഖങ്ങളില്‍ ഒരാളായി ഉയര്‍ന്നു വരണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.