‘വിശ്വാസം തുറന്നു പറയാൻ ഭയം’; ഓസ്‌ട്രേലിയയിൽ ക്രൈസ്തവർ നേരിടുന്നത് കടുത്ത വെല്ലുവിളിയെന്ന് സർവേ റിപ്പോർട്ട്

‘വിശ്വാസം തുറന്നു പറയാൻ ഭയം’; ഓസ്‌ട്രേലിയയിൽ ക്രൈസ്തവർ നേരിടുന്നത് കടുത്ത വെല്ലുവിളിയെന്ന് സർവേ റിപ്പോർട്ട്

സിഡ്‌നി: ഓസ്‌ട്രേലിയയിൽ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുന്നത് മുൻപത്തേക്കാൾ ഏറെ അപകടകരമായി മാറുകയാണെന്ന് വെളിപ്പെടുത്തുന്ന പുതിയ പഠന റിപ്പോർട്ട് പുറത്ത്. ആധുനിക സമൂഹം മറ്റെല്ലാ മതങ്ങളെയും ആശയങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിക്കുമ്പോൾ ദശലക്ഷക്കണക്കിന് വരുന്ന ക്രൈസ്തവർ തങ്ങളുടെ മതപരമായ വിശ്വാസങ്ങൾ രഹസ്യമാക്കി വെക്കാൻ നിർബന്ധിതരാവുകയാണെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ഡെയ്‌ലി ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു.

ഓസ്‌ട്രേലിയയിലുടനീളമുള്ള 10,808 ക്രൈസ്തവ വിശ്വാസികളെ പങ്കെടുപ്പിച്ചു നടത്തിയ ക്രിസ്ത്യൻ ഫ്രീഡം സർവേയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. സർവേയിൽ പങ്കെടുത്ത 92 ശതമാനം വിശ്വാസികളും അഭിപ്രായപ്പെട്ടത് അഞ്ച് വർഷം മുൻപത്തെ സാഹചര്യത്തേക്കാൾ ഇന്ന് തങ്ങളുടെ വിശ്വാസം തുറന്നുപറയുന്നത് വലിയ റിസ്ക് ആണെന്നാണ്. പകുതിയോളം പേർ (ഏകദേശം 49 ശതമാനം) തങ്ങളുടെ വിശ്വാസങ്ങൾ പുറത്തുപറയാതെ സ്വയം നിയന്ത്രണം ഏർപ്പെടുത്തുന്നതായും സമ്മതിച്ചു.

"ഓസ്‌ട്രേലിയയിലെ ആകെ ജനസംഖ്യയുടെ പകുതിയോളം (43.9 ശതമാനം) ക്രൈസ്തവരാണ്. സ്വന്തം രാജ്യത്ത് ജീവിക്കുമ്പോഴും തങ്ങളുടെ വിശ്വാസം തുറന്നുപറയാൻ അവർ ഭയപ്പെടുന്നു. ഇവിടുത്തെ സാമൂഹിക സ്ഥാപനങ്ങളിൽ അവർ സുരക്ഷിതരല്ല. മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വൻതോതിൽ ഹനിക്കപ്പെടുകയാണ്," റിപ്പോർട്ട് തയ്യാറാക്കാൻ നേതൃത്വം നൽകിയ 'ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ ലോബി' ചീഫ് എക്സിക്യൂട്ടീവ് മിഷേൽ പിയേഴ്സ് വ്യക്തമാക്കി.

ഗർഭച്ഛിദ്രം, ദയാവധം തുടങ്ങിയവയുമായി ബന്ധപ്പെട്ട പുതിയ മെഡിക്കൽ നിയമങ്ങളും നിർദേശങ്ങളും ക്രൈസ്തവ മൂല്യങ്ങൾക്ക് വിരുദ്ധമായി നിൽക്കുന്നതാണ് പ്രധാന കാരണം. ലൈംഗികതയുമായി ബന്ധപ്പെട്ടുള്ള സ്കൂൾ പാഠ്യ പദ്ധതികൾ, പ്രാർത്ഥനകൾക്കുള്ള നിയന്ത്രണങ്ങൾ, കടുത്ത അപകീർത്തി വിരുദ്ധ നിയമങ്ങൾ എന്നിവയെല്ലാം ഓസ്‌ട്രേലിയയിലെ ക്രൈസ്തവ അന്തരീക്ഷം കൂടുതൽ വഷളാക്കിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ളത് വിക്ടോറിയ സംസ്ഥാനത്താണ്. എന്നാൽ അപേക്ഷിച്ച് നോക്കുമ്പോൾ ന്യൂ സൗത്ത് വെയ്ൽസ് അഞ്ചാം സ്ഥാനത്താണ് ഇവിടെ മത സ്വാതന്ത്ര്യം കുറച്ചുകൂടി അനുവദിക്കപ്പെടുന്നുണ്ട്.

ഏറ്റവും പുതിയ സെൻസസ് കണക്കുകൾ പ്രകാരം ഓസ്‌ട്രേലിയയിൽ 1.11 കോടിയിലധികം (ആകെ ജനസംഖ്യയുടെ 44 ശതമാനം) ക്രൈസ്തവ വിശ്വാസികളാണുള്ളത്. ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് തന്നെ ക്രൈസ്തവർക്ക് തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ നിശബ്ദരാകേണ്ടി വരുന്നത് ആഗോളതലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.