വിവാദങ്ങളുടെ വന്ദേമാതരം: പ്രതീകങ്ങൾക്കപ്പുറം പ്രസക്തിയെവിടെ?

വിവാദങ്ങളുടെ വന്ദേമാതരം: പ്രതീകങ്ങൾക്കപ്പുറം പ്രസക്തിയെവിടെ?

"വന്ദേ മാതരം, സുജലാം സുഫലാം മലയജശീതളാം, സസ്യശ്യാമലാം മാതരം..." എന്ന വരികൾ കേൾക്കുമ്പോൾ ഓരോ ഭാരതീയന്റെയും ഉള്ളിൽ ഉണരുന്നത് ഒരേയൊരു വികാരമാണ്—മാതൃഭൂമിയോടുള്ള ആദരവ്. ബങ്കിം ചന്ദ്ര ചാറ്റർജി ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന്റെ ചരിത്രം പരിശോധിച്ചാൽ അത് കേവലമൊരു സ്തുതിഗീതമല്ലെന്ന് വ്യക്തമാകും.

ഈ ഗാനത്തിന്റെ ആദ്യത്തെ രണ്ട് വരികൾ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ജനങ്ങളെ ഒന്നിപ്പിക്കാനും അവർക്കിടയിൽ ദേശ ഭക്തി ജ്വലിപ്പിക്കാനും ഉപയോഗിച്ച ശക്തമായ ആയുധമായിരുന്നു. ജാതി-മത ഭേദമന്യേ ലക്ഷക്കണക്കിന് മനുഷ്യർ ബ്രിട്ടീഷ് ഭരണാധികാരികളുടെ തോക്കുകൾക്ക് മുന്നിൽ 'വന്ദേമാതരം' എന്ന് നെഞ്ചുവിരിച്ചു വിളിച്ചുപറഞ്ഞത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പ്രാർത്ഥനയായിട്ടല്ല, മറിച്ച് സ്വതന്ത്ര ഭാരതമെന്ന സ്വപ്നത്തിന്റെ പ്രതീകമായിട്ടായിരുന്നു.

എന്നാൽ ഈ ഗാനത്തിന്റെ പിൽക്കാല വരികളിൽ മാതൃഭൂമിയെ ദുർ​ഗാദേവിയായും മറ്റ് ഹൈന്ദവ ദേവതകളായും സങ്കല്പിച്ച് ആരാധിക്കുന്ന പരാമർശങ്ങളുണ്ട്. ഭാരതം പോലെയൊരു ബഹുസ്വര രാജ്യത്ത്, ഏകദൈവ വിശ്വാസികളായ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൂർണമായി ഉൾക്കൊള്ളാൻ കഴിയാത്ത ഇത്തരം വരികൾ ഔദ്യോഗികമായി നിർബന്ധമാക്കുന്നത് ഭിന്നതയ്ക്ക് കാരണമാകുമെന്ന് നമ്മുടെ രാജ്യത്തിന്റെ മുൻഗാമികൾ മനസിലാക്കിയിരുന്നു.

അതുകൊണ്ടു തന്നെയാണ് സ്വാതന്ത്ര്യാനന്തരം ഭാരതത്തിന്റെ ഭരണഘടനാ നിർമാണ സഭ വളരെ ദീർഘവീക്ഷണത്തോടെ വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് വരികൾക്ക് മാത്രം ദേശീയ ഗീതമെന്ന പദവി നൽകാൻ തീരുമാനിച്ചത്. ആ മതേതര നിലപാടിനെയാണ് പിൽക്കാലത്ത് കോൺഗ്രസും ഇടതുപക്ഷവും ഉയർത്തിപ്പിടിച്ചത്.

എന്നാൽ നിർഭാഗ്യവശാൽ സമകാലിക ഇന്ത്യയിൽ വന്ദേമാതരം ഒരു രാഷ്ട്രീയ ആയുധമായി മാറിയിരിക്കുകയാണ്. ഈ ഗാനം മുഴുവനായി പാടണമെന്ന് നിർബന്ധം പിടിക്കാൻ ഭരണഘടനാപരമായി ബിജെപിക്ക് യാതൊരു അവകാശവുമില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്.

അതേസമയം തന്നെ ബിജെപിയുടെ ഗവർണർമാരോ കേന്ദ്രമന്ത്രിമാരോ അവരുടെ നിയന്ത്രണത്തിലുള്ള വേദികളിൽ ഇത് മുഴുവനായി ആലപിച്ചാൽ അതിനെ വലിയൊരു വിവാദമാക്കി മാറ്റേണ്ട കാര്യം കോൺഗ്രസിനോ ഇടതുപക്ഷത്തിനോ ഇല്ല. നമ്മുടെ രാജ്യത്ത് വിത്യസ്ത മതവിഭാഗങ്ങൾ നടത്തുന്ന വിദ്യാലയങ്ങളിലും പരിപാടികളിലും അവരുടേതായ പ്രാർത്ഥനകളും ഗീതങ്ങളും ചൊല്ലാറുണ്ട്.

വിയോജിപ്പുള്ളവർ അതിൽ നിന്നും മാറിനിൽക്കുകയോ അല്ലെങ്കിൽ പാടാതിരിക്കുകയോ ചെയ്യുന്നതാണ് നമ്മുടെ ജനാധിപത്യ രീതി. അടിച്ചേല്പിക്കലുകളും അതിനോടുള്ള കടുത്ത വാശിപിടിക്കലുകളും ഒരുപോലെ ഒഴിവാക്കപ്പെടേണ്ടതാണ്.

വെറുതെ വിവാദങ്ങൾക്ക് വേണ്ടി വിവാദങ്ങൾ സൃഷ്ടിക്കുന്നതിനപ്പുറം വന്ദേമാതരം മുഴുവൻ പാടിയാലോ പാടാതിരുന്നാലോ സാധാരണക്കാരന്റെ ജീവിതത്തിൽ എന്ത് മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്? ആർക്കാണ് ഇതിലൂടെ നേട്ടവും നഷ്ടവും? പ്രതീകാത്മകമായ ഇത്തരം തർക്കങ്ങളിൽ വലിഞ്ഞു മുറുകി നിൽക്കാൻ രാജ്യം നേരിടുന്ന യഥാർത്ഥ പ്രതിസന്ധികൾ അത്ര ചെറുതല്ല.

ജനക്ഷേമം, സാമ്പത്തിക വളർച്ച, തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാതലായ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ മാത്രമേ ഇത്തരം പ്രതീകാത്മക രാഷ്ട്രീയ പോരുകൾ സഹായിക്കൂ. അതുകൊണ്ട് രാഷ്ട്രീയ നേതൃത്വങ്ങളോട് ഒന്നേ അഭ്യർത്ഥിക്കാനുള്ളൂ- വന്ദേമാതരത്തെച്ചൊല്ലിയുള്ള ഈ വീൺവാശികൾ ദയവായി അവസാനിപ്പിക്കുക, പകരം ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങളിലേക്കും രാജ്യത്തിന്റെ യഥാർത്ഥ പുരോഗതിയിലേക്കും നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.