മാഞ്ചസ്റ്റർ: സൈബർ ലോകത്തെ വിശുദ്ധൻ കാർലോ അക്യുട്ടിസിന് പിന്നാലെ ഇതാ ആധുനിക യുവതലമുറയ്ക്ക് പ്രത്യാശയുടെയും ആത്മീയതയുടെയും പുതിയൊരു വഴിവിളക്ക്. കാൻസറിന്റെ കഠിനവേദനകളെ പുഞ്ചിരിയോടെ നേരിട്ട് 21-ാം വയസിൽ ദൈവ സന്നിധിയിലേക്ക് യാത്രയായ പെഡ്രോ ബാല്ലെസ്റ്ററിന്റെ നാമകരണ നടപടികൾക്ക് യുകെയിലെ സാൽഫോർഡ് രൂപത ഔദ്യോഗികമായി തുടക്കം കുറിച്ചു.
രോഗപീഡകളെയും കഷ്ടപ്പാടുകളെയും അചഞ്ചലമായ ദൈവ വിശ്വാസത്തോടെ എങ്ങനെ നേരിടാമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന പെഡ്രോ ഇന്നത്തെ തലമുറയ്ക്ക് വലിയൊരു വഴികാട്ടിയാണെന്ന് സാൽഫോർഡ് രൂപത പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
1996 ൽ മാഞ്ചസ്റ്ററിൽ ജനിച്ച പെഡ്രോ പഠനത്തിലും ആത്മീയതയിലും ഒരുപോലെ തിളങ്ങിയ വ്യക്തിയായിരുന്നു. കത്തോലിക്കാ കൂട്ടായ്മയായ ‘ഒപ്പസ് ദേയി’യിൽ സജീവമായിരുന്ന അദേഹം 2013 ൽ തന്റെ ജീവിതം പൂർണമായും ക്രിസ്തുവിനായി സമർപ്പിച്ചു. ഈ കൂട്ടായ്മയിലെ ന്യൂമററി അംഗമായിക്കൊണ്ട് ജീവിതകാലം മുഴുവൻ ബ്രഹ്മചര്യം പാലിച്ച് അനുദിന ജീവിതത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുമെന്നായിരുന്നു പെഡ്രോയുടെ പ്രതിജ്ഞ.
ലണ്ടനിലെ പ്രശസ്തമായ ഇംപീരിയൽ കോളജിൽ കെമിക്കൽ എഞ്ചിനീയറിങ് പഠിച്ചു കൊണ്ടിരിക്കെയാണ് പെഡ്രോയുടെ ജീവിതത്തെ മാറ്റിമറിച്ച കഠിനമായ നടുവേദന പ്രത്യക്ഷപ്പെടുന്നത്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനകളിലാണ് അസ്ഥിയിലെ കാൻസർ രോഗം സ്ഥിരീകരിക്കുന്നത്.
രോഗനിർണയത്തിന് ശേഷമുള്ള മൂന്ന് വർഷക്കാലം കഠിനമായ ശാരീരിക പീഡകളിലൂടെയാണ് പെഡ്രോ കടന്നുപോയത്. എന്നാൽ ഒരു സാധാരണ മനുഷ്യനെപ്പോലെ ചില നിമിഷങ്ങളിൽ സങ്കടങ്ങളും ദേഷ്യവും പ്രകടിപ്പിക്കുമ്പോഴും ആ ഉയർച്ചതാഴ്ചകളെയെല്ലാം പെഡ്രോ വിശ്വാസത്തോടെ നേരിട്ടു. തന്റെ രോഗശയ്യ സന്ദർശിക്കാൻ എത്തിയിരുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും ദൈവത്തോട് കൂടുതൽ അടുപ്പിക്കാനാണ് ആ വേദനകൾക്കിടയിലും പെഡ്രോ ശ്രമിച്ചത്.
മരണത്തിന് ഏതാനും ആഴ്ചകൾക്ക് മുൻപ് തന്നെ കാണാൻ വന്ന സുഹൃത്തിനോട് പെഡ്രോ പറഞ്ഞ ഈ വാക്കുകൾ അദേഹത്തിന്റെ ആത്മീയതയുടെ ആഴം വ്യക്തമാക്കുന്നതാണ്. കഠിനമായ വേദനകൾക്കിടയിലും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാനും ക്രൂശിതനായ ക്രിസ്തുവിനെ സ്വന്തം ജീവിതത്തിൽ സ്വീകരിക്കാനും പെഡ്രോയുടെ ജീവിതം യുവാക്കളെ പഠിപ്പിക്കുന്നു.
2018 ജനുവരി 13 നായിരുന്നു പെഡ്രോ ഈ ലോകത്തോട് വിടപറഞ്ഞത്. മരണശേഷം പെഡ്രോയുടെ മധ്യസ്ഥതയിലൂടെ ഒട്ടനവധി അത്ഭുതങ്ങളും രോഗശാന്തികളും നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായ പക്ഷാഘാതത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ 'ബ്ലാങ്ക' എന്ന 15 വയസുകാരി പെൺകുട്ടി പെഡ്രോയുടെ മധ്യസ്ഥത പ്രാർത്ഥനയിലൂടെ പൂർണ രോഗമുക്തി നേടിയത് ഇതിലൊന്നാണ്.
നാമകരണ നടപടികളുടെ ഭാഗമായി രൂപതാ അധികൃതർ ഇതിനകം അറുപതിലധികം സാക്ഷികളെ അഭിമുഖം നടത്തിക്കഴിഞ്ഞു. രൂപതാ തലത്തിലുള്ള അന്വേഷണങ്ങൾ പൂർത്തിയാകുന്നതോടെ ഈ റിപ്പോർട്ടുകൾ വത്തിക്കാന്റെ നാമകരണ കാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററിക്ക് കൈമാറും. വരും നാളുകളിൽ ആധുനിക യുവത്വത്തിന്റെ വണക്കപ്പീഠങ്ങളിൽ പെഡ്രോ ബാല്ലെസ്റ്റർ എന്ന നാമവും ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് ആഗോള കത്തോലിക്കാ സമൂഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.