മഞ്ചേരി: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ഗുരുതര ചികിത്സാ പിഴവ്. കാലുവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിനി പാര്‍വതിയുടെ (73) കാലിലെ പ്രധാന രക്തക്കുഴലുകള്‍ മുറിച്ചുമാറ്റിയതായാണ് ആരോപണം. ശസ്ത്രക്രിയയ്ക്ക് ശേഷം നില വഷളായ വയോധിക നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
രോഗിയുടെ ഒരു കാല്‍ മുറിച്ചുമാറ്റേണ്ട അവസ്ഥയിലാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ കുടുംബം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കി.
മെയ് 12 നാണ് പാര്‍വതിയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ശസ്ത്രക്രിയ കഴിഞ്ഞതിന് തൊട്ടുപിന്നാലെ രോഗിയുടെ കാലില്‍ അസാധാരണമായ തണുപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വിവരം ഡ്യൂട്ടി ഡോക്ടറെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ സ്‌കാനിങിലാണ് കാലിലേക്കുള്ള രക്തയോട്ടം പൂര്‍ണമായും നിലച്ചതായി കണ്ടെത്തിയത്.
ഈ ഗുരുതരമായ വിവരം ബന്ധുക്കളില്‍ നിന്ന് മറച്ചുവെക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചതായി ആരോപണമുണ്ട്. രോഗിയെ അടിയന്തരമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ച ഡ്യൂട്ടി ഡോക്ടര്‍, അത് സ്വന്തം ഉത്തരവാദിത്തത്തിലാണ് കൊണ്ടുപോകുന്നതെന്ന് ബന്ധുക്കളെക്കൊണ്ട് നിര്‍ബന്ധപൂര്‍വം എഴുതി വാങ്ങിയതായും പരാതിയിലുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചെങ്കിലും, അതുവരെയുള്ള ചികിത്സാ വിവരങ്ങളോ കൃത്യമായ മെഡിക്കല്‍ രേഖകളോ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും നല്‍കിയില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച രോഗിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രക്തക്കുഴലുകളിലെ ഒന്നിലേറെ ഞരമ്പുകള്‍ മുറിഞ്ഞുപോയ കാര്യം പുറത്തറിയുന്നത്. രക്തയോട്ടം പുനസ്ഥാപിക്കുന്നതിനായി ഇതിനോടകം മൂന്നോളം അടിയന്തര ശസ്ത്രക്രിയകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് നടത്തി.
രോഗിക്ക് ചികിത്സാ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നിട്ടും കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ ആദ്യത്തെ ആറ് ദിവസം അത് അനുവദിക്കാന്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ക്ക് ആക്ഷേപമുണ്ട്. ശസ്ത്രക്രിയകള്‍ക്കുള്ള തുക കൈയില്‍ നിന്നും അടച്ച ശേഷമാണ് പിന്നീട് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാക്കിയത്.
പരാതി വ്യാപകമായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. പരാതിയെക്കുറിച്ച് കൃത്യമായ പരിശോധന നടത്തി വിശദീകരണം നല്‍കാമെന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കുന്ന ഔദ്യോഗിക മറുപടി. സംഭവത്തില്‍ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.