മലപ്പുറം: കേരളത്തെ ഞെട്ടിച്ച വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ സംഭവത്തിൽ സ്ഫോടകവസ്തുക്കളുടെ യഥാർത്ഥ ഉറവിടവും അന്തർ സംസ്ഥാന വിതരണ ശൃംഖലയും തേടി ദേശീയ അന്വേഷണ ഏജൻസി സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തി. കോഴിക്കോട്, മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് എൻഐഎ സംഘം ഒരേ സമയം മിന്നൽ പരിശോധന നടത്തിയത്.
മലപ്പുറം തിരൂരങ്ങാടിയിൽ വൻതോതിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസ് എൻഐഎ ഏറ്റെടുത്തതിന് പിന്നാലെയാണ് ഈ നിർണായക നീക്കം. കാസർകോട് ജില്ലയിൽ ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കടുമേനി സ്വദേശിയായ സജിയുടെ വീടുകളിലും അദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിലുമാണ് എൻഐഎ സംഘം പരിശോധന നടത്തിയത്.
കണ്ണൂരിൽ ചെറുപുഴ ചുണ്ട സ്വദേശിയായ അനിൽ കുമാറിന്റെ വീട്ടിൽ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി. കോഴിക്കോട്ട് മുക്കം പ്രദേശത്തെ ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എൻഐഎയുടെ പരിശോധനയ്ക്ക് വിധേയമായത്. മലപ്പുറത്ത് തിരൂരങ്ങാടിയിലെ ഒരു പ്രധാന ഗോഡൗണിലും കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ലോറി ഉടമയുടെ ഭാര്യവീട്ടിലുമാണ് റെയ്ഡ് നടന്നത്.
മലപ്പുറം ചെമ്മാട് പ്രദേശത്ത് സവാളച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന വൻ സ്ഫോടകവസ്തു ശേഖരം പൊലീസ് പിടികൂടിയ സംഭവമാണ് നിലവിലെ അന്വേഷണത്തിന്റെ പശ്ചാത്തലം. രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം ലോറിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ കണ്ടെത്തിയത്. എന്നാൽ പൊലീസ് സാന്നിധ്യം മനസിലാക്കിയ പ്രതികൾ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
പരിശോധനയിൽ ലോറിയിൽ നിന്ന് 89,600 ജലാറ്റിൻ സ്റ്റിക്കുകൾ, 10,500 നോൺ-ഇലക്ട്രിക് ഷോക്ക് ട്യൂബ് ഡിറ്റണേറ്ററുകൾ, കൂടാതെ കടത്തിനായി ഉപയോഗിച്ചിരുന്ന വൻതോതിലുള്ള വയർ ശേഖരവും കണ്ടെത്തി. ജലാറ്റിൻ സ്റ്റിക്കുകൾ 448 ബോക്സുകളിലായാണ് സൂക്ഷിച്ചിരുന്നത്.
സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിൽ ലോറി ഉടമയായ സ്ത്രീ ഉൾപ്പെടെ ആകെ ആറു പേരെ അറസ്റ്റ് ചെയ്തു. കേസിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.
പ്രാദേശിക ക്വാറികളിലെ ആവശ്യത്തിനായി കർണാടകയിലെ ബീജാപ്പൂരിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഇത്രയും ഭീമമായ അളവിൽ സ്ഫോടകവസ്തുക്കൾ അതീവ രഹസ്യമായി കടത്തിയതിന് പിന്നിൽ രാജ്യസുരക്ഷയെ ബാധിക്കുന്ന മറ്റെന്തെങ്കിലും അട്ടിമറി ലക്ഷ്യങ്ങളോ അവിശുദ്ധ കൂട്ടുകെട്ടുകളോ ഉണ്ടോ എന്ന് കണ്ടെത്താനാണ് കേസ് എൻഐഎയ്ക്ക് കൈമാറിയത്.
സ്ഫോടക വസ്തു നിയമത്തിലെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് നിലവിൽ കേന്ദ്ര ഏജൻസി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. കേസിൽ പിടിയിലായ പ്രതികളെ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയുടെ അനുമതിയോടെ ഉടൻ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.