പ്രായത്തെയും പ്രതിസന്ധികളെയും തോൽപിച്ച ആത്മീയ ദൗത്യം; മാർപാപ്പയെ വരവേൽക്കാൻ ആയിരക്കണക്കിന് ജപമാലകൾ കോർത്ത് സ്പെയിനിലെ സന്യാസിനിമാർ

പ്രായത്തെയും പ്രതിസന്ധികളെയും തോൽപിച്ച ആത്മീയ ദൗത്യം; മാർപാപ്പയെ വരവേൽക്കാൻ ആയിരക്കണക്കിന് ജപമാലകൾ കോർത്ത് സ്പെയിനിലെ സന്യാസിനിമാർ

മാഡ്രിഡ്: ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്പെയിൻ സന്ദർശനത്തോടനുബന്ധിച്ച് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്കായി വിശ്രമമില്ലാത്ത പ്രാർത്ഥനയോടെ ആയിരക്കണക്കിന് ജപമാലകൾ ഒരുക്കി രാജ്യത്തെ സന്യാസിനീ സമൂഹങ്ങൾ. കാസിൽ, നവാരെ, കാറ്റലോണിയ, അൻഡലൂഷ്യ തുടങ്ങിയ സ്പെയിനിലെ വിവിധ പ്രവിശ്യകളിലുള്ള പത്തോളം സന്യാസ മഠങ്ങളിലെ അന്തേവാസികളാണ് ഈ ആത്മീയ ദൗത്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.

മരമണികളും നൂലുകളും ചെറിയ ലോഹ കുരിശുകളും ഉപയോഗിച്ച് പൂർണമായും കൈകൊണ്ടാണ് ഈ ജപമാലകൾ നിർമ്മിക്കുന്നത്. മഠങ്ങളിലെ കുറഞ്ഞ അംഗ സംഖ്യയും പ്രായധിക്യവും ഉയർത്തുന്ന ശാരീരിക വെല്ലുവിളികളെ പൂർണമായും മറികടന്നാണ് മാർപ്പാപ്പയുടെ അപ്പസ്തോലിക യാത്രയുടെ ഭാഗമാകുക എന്ന ലക്ഷ്യത്തോടെ സന്യാസിനിമാർ ഈ വലിയ ദൗത്യം ഏറ്റെടുത്തത്.

പല സന്യാസ മഠങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും തിരുസഭയുടെയും മാർപാപ്പയുടെയും യാത്രകളിൽ തങ്ങളുടെ പ്രാർത്ഥനാ സാന്നിധ്യം എപ്പോഴും കൂടെയുണ്ടാകും എന്ന വലിയ സന്ദേശമാണ് ഈ ജപമാലകളിലൂടെ സ്പെയിനിലെ കന്യാസ്ത്രീകൾ ലോകത്തിന് നൽകുന്നത്. വരും ദിവസങ്ങളിൽ പാപ്പയെ നേരിൽ കാണാനും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനുമായി എത്തുന്ന ആയിരക്കണക്കിന് വരുന്ന ആഗോള തീർത്ഥാടകരുടെ കൈകളിലേക്ക് ഈ ജപമാലകൾ വിതരണം ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.