ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് വൻ തിരിച്ചടി; സൈനികരുടെ മരണ സംഖ്യ കുതിച്ചുയരുന്നു; റഷ്യൻ സാമ്പത്തികാവസ്ഥ പ്രതിസന്ധിയിൽ

ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് വൻ തിരിച്ചടി; സൈനികരുടെ മരണ സംഖ്യ കുതിച്ചുയരുന്നു; റഷ്യൻ സാമ്പത്തികാവസ്ഥ പ്രതിസന്ധിയിൽ

വാഷിങ്ടൺ: ഉക്രെയ്ൻ അധിനിവേശത്തിൽ റഷ്യൻ സൈന്യത്തിന് വൻ തിരിച്ചടിയുണ്ടായതായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ യു.എസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസി. യുദ്ധരംഗത്തും സാമ്പത്തിക മേഖലയിലും റഷ്യ കടുത്ത പ്രതിസന്ധി നേരിടുന്നതായി ഏജൻസിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഈ വർഷം മാത്രം റഷ്യൻ സൈന്യത്തിൽ വലിയ തോതിലുള്ള ജീവഹാനിയും പരിക്കുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റം മന്ദഗതിയിലാണെന്നും നേരത്തെ റഷ്യ പിടിച്ചടക്കിയ ചില പ്രദേശങ്ങൾ ഉക്രെയ്ൻ സൈന്യം വിജയകരമായി തിരിച്ചുപിടിച്ചതായും യു.എസ് റിപ്പോർട്ടിലുണ്ട്.

ആധുനിക ഡ്രോണുകളും പീരങ്കിപ്പടയും ഉപയോഗിച്ച് റഷ്യയുടെ പ്രധാന സൈനിക വിതരണ പാതകൾ തകർക്കുന്ന തന്ത്രമാണ് ഉക്രൈൻ ഇപ്പോൾ സ്വീകരിക്കുന്നത്. ഇതിനൊപ്പം റഷ്യൻ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ സ്വീഡനിൽ നിന്ന് അത്യാധുനിക യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള പുതിയ കരാറുകളിൽ ഉക്രൈൻ ഒപ്പുവെച്ചു.

റഷ്യയുടെ ഉള്ളിലെ പ്രധാന എണ്ണനിലയങ്ങൾക്കും സൈനിക താവളങ്ങൾക്കും നേരെ ദീർഘദൂര ആക്രമണങ്ങൾ നടത്താൻ കഴിഞ്ഞത് യുദ്ധത്തിൽ ഉക്രൈന് മേൽക്കൈ നൽകുന്നതായും വിലയിരുത്തപ്പെടുന്നു.

നീണ്ടുപോകുന്ന യുദ്ധം റഷ്യൻ സമ്പദ്‌വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. യുദ്ധച്ചെലവുകൾ നേരിടുന്നതിനായി തങ്ങളുടെ സ്വർണശേഖരം വൻതോതിൽ വിറ്റഴിക്കാൻ റഷ്യൻ ഭരണകൂടം നിർബന്ധിതരായി.

യുദ്ധമുഖത്തെ തിരിച്ചടികൾക്ക് പ്രതികാരമായി ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ജനവാസ മേഖലകൾ കേന്ദ്രീകരിച്ചാണ് റഷ്യൻ ബോംബാക്രമണം.

കനത്ത നാശനഷ്ടം വിതയ്ക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, വിദേശ നയതന്ത്രജ്ഞരോട് എത്രയും വേഗം കീവ് നഗരം വിട്ടുപോകാൻ റഷ്യൻ ഭരണകൂടം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.