ടെഹ്റാന്‍: അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ കബറടക്കത്തിനുള്ള ഒരുക്കങ്ങളുമായി ഇറാന്‍ ഭരണകൂടം. യുദ്ധ സാഹചര്യങ്ങളെ തുടര്‍ന്ന് മാസങ്ങളോളം നീണ്ടുപോയ സംസ്‌കാര ചടങ്ങുകളാണ് ഇപ്പോള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
വിലാപ യാത്രയുടെ കൃത്യമായ തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചടങ്ങുകള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ആസ്ഥാനം രൂപീകരിച്ചിട്ടുണ്ടെന്നും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വിപുലമായ ആസൂത്രണങ്ങള്‍ നടത്തി വരികയാണെന്നും ഇസ്ലാമിക് പ്രൊപഗാന്‍ഡ ടെഹ്റാന്‍ കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ തലവന്‍ മൊഹ്‌സന്‍ മഹ്‌മൂദിയെ ഉദ്ധരിച്ച് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് പതിറ്റാണ്ടിലേറെയായി ഇസ്ലാമിക് റിപ്പബ്ലിക്കിനെ നയിച്ചിരുന്ന ഖൊമേനി കഴിഞ്ഞ ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും നടത്തിയ ആദ്യഘട്ട വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ അദേഹത്തിന്റെ മകനും പിന്‍ഗാമിയുമായ മൊജ്താബ ഖൊമേനിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
അധികാരമേറ്റ ശേഷം മൊജ്താബ ഇതുവരെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അലി ഖൊമേനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും യുദ്ധം മൂലം ഔദ്യോഗിക വിലാപയാത്ര നടത്താന്‍ സാധിച്ചിരുന്നില്ല. നിലവില്‍ ഏപ്രില്‍ മുതല്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ചടങ്ങുകള്‍ നടത്താന്‍ ഇറാന്‍ ഭരണകൂടം തയ്യാറെടുക്കുന്നത്.
പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും വലിയ രീതിയിലുള്ള പങ്കാളിത്തം വിലാപ യാത്രയില്‍ ഉണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ചടങ്ങ് ഗംഭീരമാക്കുന്നതിന് ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൊലീസ് ഉള്‍പ്പെടെയുള്ള സേനകളുടെ സഹായത്തോടെ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുന്നതിനുള്ള ശാശ്വതമായ സമാധാന കരാറുകളില്‍ ഇരുപക്ഷവും ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ല. അതുകൊണ്ടു തന്നെ മിഡില്‍ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ നീക്കങ്ങളെ രാജ്യാന്തര സമൂഹം അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.