'ഇറാനില്‍ വിലപേശാന്‍ കഴിയുന്നില്ല; 'ചിലയ്ക്കല്‍' നിര്‍ത്തി വെറുതെ ഇരിക്കൂ': ഡെമോക്രാറ്റുകളോടും റിപ്പബ്ലിക്കന്മാരോടും ട്രംപിന്റെ അഭ്യര്‍ത്ഥന

'ഇറാനില്‍ വിലപേശാന്‍ കഴിയുന്നില്ല; 'ചിലയ്ക്കല്‍' നിര്‍ത്തി വെറുതെ ഇരിക്കൂ': ഡെമോക്രാറ്റുകളോടും റിപ്പബ്ലിക്കന്മാരോടും ട്രംപിന്റെ അഭ്യര്‍ത്ഥന

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പരസ്യമായി ഇടപെടുന്ന ഡെമോക്രാറ്റുകളെയും ചില റിപ്പബ്ലിക്കന്‍മാരെയും വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

നിലവില്‍ നടക്കുന്ന നീക്കങ്ങളില്‍ തനിക്ക് ആത്മ വിശ്വാസമുണ്ട്. നന്നായി വിലപേശല്‍ നടത്താനും തനിക്ക് കഴിയും. എന്നാല്‍ ചിലരുടെ 'ചിലയ്ക്കല്‍' തന്റെ വിലപേശല്‍ ശേഷിയെ ബാധിക്കുകയാണെന്ന് അദേഹം പറഞ്ഞു.

അമേരിക്കയുമായി ഒരു കരാറിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട ട്രംപ് ഏതൊരു കരാറും അമേരിക്കയ്ക്കും സഖ്യ കക്ഷികള്‍ക്കും ഗുണം ചെയ്യുമെന്നും വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ഇറാന്‍ യുദ്ധ വിമര്‍ശകരെ ട്രംപ് വിമര്‍ശിച്ചത്. നിരന്തരമായി ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നത് ഫലപ്രദമായി കാര്യങ്ങള്‍ നീക്കുന്നത് തനിക്ക് ബുദ്ധിമുട്ടാക്കുന്നുവെന്ന് അദേഹം പറഞ്ഞു.

'ഇറാന്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അത് അമേരിക്കയ്ക്കും സഖ്യ കക്ഷികള്‍ക്കും നല്ലതായിരിക്കും. പക്ഷേ, ഡെമോക്രാറ്റുകളും ദേശ സ്നേഹമില്ലാത്ത ചില റിപ്പബ്ലിക്കന്‍മാരും അതില്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. എന്റെ ജോലി ശരിയായി ചെയ്യുന്നതിന് അത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി അവര്‍ മനസിലാക്കുന്നില്ല. വീണ്ടും വീണ്ടും നെഗറ്റീവ് പറയുകയാണ് അവര്‍.

വേഗത്തില്‍ പോകണം, അല്ലെങ്കില്‍ പതുക്കെ നീങ്ങണം, യുദ്ധത്തിന് പോകണം, യുദ്ധത്തിന് പോകരുത്, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യണം എന്നെല്ലാം ചിലച്ചു കൊണ്ടിരിക്കുന്നു. വെറുതെ ഇരുന്ന് വിശ്രമിക്കൂ, എല്ലാം ഒടുവില്‍ നന്നായി നടക്കും. അത് എല്ലായ്‌പ്പോഴും സംഭവിക്കും' - ട്രംപ് വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.