ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാര്‍ട്ടിയില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. വിവിധ സംസ്ഥാന ഘടകങ്ങളുടെ പുന സംഘടനയും എഐസിസി തലത്തിലെ ഭാരവാഹികളുടെ മാറ്റവുമാണ് ഹൈക്കമാന്‍ഡിന്റെ സജീവ പരിഗണനയിലുള്ളത്.
2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി പാര്‍ട്ടിയിലേക്ക് പുതിയ മുഖങ്ങളെ കൊണ്ടുവരാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായതായാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. കേരളം, കര്‍ണാടക, തമിഴ്‌നാട്, പഞ്ചാബ് ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാര്‍ക്ക് സ്ഥാന ചലനമുണ്ടാകുമെന്നാണ് സൂചന.
കേരളത്തില്‍ കെപിസിസി പ്രസിഡന്റായിരുന്ന സണ്ണി ജോസഫ് മന്ത്രിസഭയില്‍ അംഗമായതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടി വന്നിരിക്കുന്നത്. ജാതി, സമുദായ സമവാക്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളാണ് കേരളത്തില്‍ പുരോഗമിക്കുന്നത്.
എംപിമാരായ ബെന്നി ബെഹനാന്‍, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, മുതിര്‍ന്ന നേതാവ് ജോസഫ് വാഴയ്ക്കന്‍ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കപ്പെടുന്നതെന്നാണ് വിവരം.
കൊടിക്കുന്നില്‍ സുരേഷിനെ മുന്‍നിര്‍ത്തി ഒരു ദളിത് നേതാവ് അധ്യക്ഷനാകണമെന്ന വാദം ഒരു വിഭാഗം ഉയര്‍ത്തുമ്പോള്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള നേതാവ് വരണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു. ബിജെപിയുടെ ക്രൈസ്തവ പ്രീണന ശ്രമങ്ങളെ ചെറുക്കാന്‍ ഇത് അനിവാര്യമാണെന്നാണ് ഇവരുടെ വാദം.
അതേസമയം, കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്ന ഡി.കെ ശിവകുമാറിന് പകരക്കാരനെ കണ്ടെത്തുന്നത് പുതിയ മന്ത്രിസഭാ പുന സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു. സിദ്ധരാമയ്യ സര്‍ക്കാരിലെ മന്ത്രിയായ സതീഷ് ജാര്‍ക്കിഹോളിയുടെ പേരിനാണ് നിലവില്‍ മുന്‍ഗണന.
ഒപ്പം എഐസിസി ഭാരവാഹിയായ ബി.കെ ഹരിപ്രസാദിന്റെ പേരും ചര്‍ച്ചകളിലുണ്ട്. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളുടെ തിരക്കിലാണ് ഡി.കെ ശിവകുമാര്‍. സത്യപ്രതിജ്ഞയോടനുബന്ധിച്ച് തന്നെ അടുത്ത കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരെന്നത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
രാജസ്ഥാനില്‍ ഗോവിന്ദ് സിങ് ദോട്ടാസ്ര, ഉത്തര്‍പ്രദേശില്‍ അജയ് റായ് എന്നിവരെ മാറ്റണോ എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് പുനപരിശോധന നടത്തുന്നുണ്ട്. ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ വൈ.എസ് ശര്‍മിളയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനും പകരം പുതിയ അധ്യക്ഷനെ നിയമിക്കാനും സാധ്യതയുണ്ട്.
അതേസമയം, ഗോവയില്‍ പരാജയത്തെ തുടര്‍ന്ന് മുന്‍പ് രാജി വെച്ച ഗിരീഷ് ചോദങ്കറെ വീണ്ടും അധ്യക്ഷനായി നിയമിച്ചതില്‍ സംസ്ഥാന ഘടകത്തില്‍ അതൃപ്തി പുകയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
തമിഴ്‌നാട്ടില്‍ കെ. സെല്‍വപെരുന്തഗൈയെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റാന്‍ സാധ്യതയുണ്ട്. അദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുള്ളതായാണ് വിവരം. സംസ്ഥാന ഘടകങ്ങളിലെ മാറ്റങ്ങള്‍ക്ക് പുറമെ എഐസിസി തലത്തിലും വലിയൊരു അഴിച്ചുപണി പരിഗണനയിലുണ്ട്. പല സംസ്ഥാനങ്ങളുടെയും ചുമതലയുള്ള ഭാരവാഹികളുടെ പ്രകടനത്തില്‍ ഹൈക്കമാന്‍ഡ് തൃപ്തരല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.