തിരുവനന്തപുരം: രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിര്‍ദേശം മാനിച്ചാണ് താന്‍ ആഭ്യന്തര മന്ത്രി സ്ഥാനം ഏറ്റെടുത്തതെന്ന് രമേശ് ചെന്നിത്തല.
'ഇത്തവണ മന്ത്രിസഭയില്‍ ചേരണോ വേണ്ടയോ എന്നുള്ള സംശയം എന്റെ മനസിലുണ്ടായിരുന്നു. പാര്‍ട്ടിയോട് കൂറുള്ള ആളുകള്‍, താല്‍പര്യമുള്ളവരൊക്കെ ചേരണം എന്ന് എന്നോട് നിര്‍ദേശിച്ചു. ഞങ്ങളുടെ പ്രിയങ്കരനായ നേതാവ് രാഹുല്‍ ഗാന്ധി എന്നോട് പറഞ്ഞു- ചേരണമെന്ന്.
പാര്‍ട്ടിക്കെതിരായി ഒരു ശബ്ദവും ഒരുകാലത്തും പറയാത്ത ആളാണ്. രാഷ്ട്രീയത്തില്‍ നഷ്ടങ്ങളുണ്ടാകും, ലാഭങ്ങളുണ്ടാകും. പക്ഷെ നമ്മള്‍ക്ക് വലുത് നമ്മെ വളര്‍ത്തി വലുതാക്കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്, യുഡിഎഫാണ്'- ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡിനെക്കുറിച്ച് പൊലീസിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും അദേഹം പറഞ്ഞു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളപ്പോള്‍ പൊലീസിന് സാധാരണയായി വിവരങ്ങള്‍ നല്‍കാറുണ്ടെങ്കിലും തിരുവനന്തപുരത്ത് അതുണ്ടായില്ല. നിയമം ആര് കൈയിലെടുത്താലും നടപടിയുണ്ടാകുമെന്ന് അദേഹം മുന്നറിയിപ്പ് നല്‍കി.
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് വിചാരിച്ചാല്‍ പാര്‍ട്ടി ഓഫീസില്‍ കയറി പ്രതിയെ പിടിക്കാമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഒരു ജനാധിപത്യവാദി എന്ന നിലയില്‍ പാര്‍ട്ടി ഓഫീസുകളില്‍ ഇരച്ചുകയറി പ്രതിയെ പിടിക്കുന്നത് ശരിയായ നടപടിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണം മറക്കാനാവില്ലെന്ന് പറഞ്ഞ ചെന്നിത്തല, വീഴ്ചയുണ്ടെങ്കില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പു നല്‍കി. കേസ് അന്വേഷണത്തില്‍ താന്‍ ഒരിക്കലും ഇടപെടാറില്ലെന്നും നിയമം അതിന്റെ വഴിക്ക് പോകുമെന്നും അദേഹം വ്യക്തമാക്കി.
അന്വേഷണം കോടതിയുടെ പരിശോധനയ്ക്ക് വിധേയമാണെന്നും ഫൈനല്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരാണ് തീരുമാനമെടുക്കേണ്ടതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.