സ്വിറ്റ്സര്‍ലന്‍ഡില്‍ അവധിക്കാലം ആഘോഷിച്ച് മടങ്ങിട്ട് ഒരു വര്‍ഷം; ഗതാഗത നിയമ ലംഘനത്തിന് 1.5 ലക്ഷം രൂപ പിഴയടയ്ക്കാന്‍ ഇന്ത്യക്കാരിക്ക് നോട്ടീസ്

സ്വിറ്റ്സര്‍ലന്‍ഡില്‍ അവധിക്കാലം ആഘോഷിച്ച് മടങ്ങിട്ട് ഒരു വര്‍ഷം; ഗതാഗത നിയമ ലംഘനത്തിന് 1.5 ലക്ഷം രൂപ പിഴയടയ്ക്കാന്‍ ഇന്ത്യക്കാരിക്ക് നോട്ടീസ്

ബേണ്‍: സ്വിറ്റ്സര്‍ലന്‍ഡില്‍ അവധിക്കാലം ആഘോഷിച്ച് മടങ്ങിയെത്തി ഒരു വര്‍ഷത്തിന് ശേഷം ഗതാഗത നിയമങ്ങള്‍ തെറ്റിച്ചതിന് പിഴ അടയ്ക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യാത്രക്കാരിക്ക് സ്വിസ് അധികൃതരുടെ ഇമെയില്‍ സന്ദേശം.

ഏകദേശം ഒന്നര ലക്ഷം രൂപയാണ് പിഴ. സമാന അനുഭങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ട് എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് യാത്രക്കാരിയായ പൊന്‍ സപ്ടി അനുഭവം വെളിപ്പെടുത്തിയത്.

എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍, പിഴ കുറയ്ക്കാനോ ഒഴിവാക്കാനോ അപ്പീല്‍ നല്‍കാനോ മാര്‍ഗമുണ്ടോ എന്ന് യുവതി മറ്റു യാത്രക്കാരോട് ചോദിച്ചു. ആദ്യം ഒരു ലക്ഷം രൂപയാണ് പിഴയെന്നു കരുതിയെങ്കിലും രേഖകള്‍ പരിശോധിച്ചപ്പോള്‍ ഒന്നരലക്ഷമാണ് അടക്കേണ്ടതെന്ന് മനസിലായെന്നും അവര്‍ പറയുന്നു. പോസ്റ്റ് വൈറലായതോടെ സമാന അനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും റെന്റല്‍ വാഹന കമ്പനികള്‍ നിയമ ലംഘനങ്ങളുടെ വിവരങ്ങള്‍ പിന്നീട് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറാറുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. പിഴയടക്കാതിരുന്നാല്‍ തുക ഉയര്‍ന്നേക്കുമെന്നും പലരും മുന്നറിയിപ്പു നല്‍കി.

സ്വിറ്റ്സര്‍ലന്‍ഡില്‍ അമിതവേഗം ഉള്‍പ്പെടെയുള്ള ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് കര്‍ശനമായ പിഴയാണ് ഈടാക്കുന്നത്. ചില സാഹചര്യങ്ങളില്‍ മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ ശേഷവും പിഴയടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസുകള്‍ വിദേശ സഞ്ചാരികള്‍ക്ക് ലഭിക്കാറുണ്ടെന്നും ചര്‍ച്ചകളില്‍ അനുഭവസ്ഥര്‍ വ്യക്തമാക്കുന്നു.

അതേസമയം പിഴക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അവസരം ഇമെയില്‍ സന്ദേശത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും പിഴ അടയ്ക്കാന്‍ തയ്യാറാണെങ്കിലും വൈകി ലഭിച്ച അറിയിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശദീകരണം തേടാനാണ് ശ്രമിക്കുന്നതെന്നും യുവതി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.