ദൈവികജീവൻ അസ്വസ്ഥമായ ഹൃദയങ്ങളിൽ സമാധാനം പകരുന്നു; വിഭജനത്തിലേക്കും ധ്രുവീകരണത്തിലേക്കുമല്ല കൂട്ടായ്മയിലേക്ക് പരിശുദ്ധ ത്രിത്വം നമ്മെ നയിക്കുന്നു: ലിയോ പാപ്പ

ദൈവികജീവൻ അസ്വസ്ഥമായ ഹൃദയങ്ങളിൽ സമാധാനം പകരുന്നു; വിഭജനത്തിലേക്കും ധ്രുവീകരണത്തിലേക്കുമല്ല കൂട്ടായ്മയിലേക്ക് പരിശുദ്ധ ത്രിത്വം നമ്മെ നയിക്കുന്നു: ലിയോ പാപ്പ

വത്തിക്കാൻ സിറ്റി: അസ്വസ്ഥമായ നമ്മുടെ ഹൃദയങ്ങൾക്ക് സമാധാനം ലഭിക്കുന്നത് യേശുവിലൂടെ നമുക്ക് നൽകപ്പെട്ട ത്രിയേക ദൈവത്തിൻ്റെ ജീവൻ മൂലമാണെന്ന് ഓർമ്മപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ദിനത്തിൽ വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ത്രികാലജപ പ്രാർഥനയ്ക്ക് ഒരുമിച്ചു കൂടിയ ആയിരക്കണക്കിന് തീർഥാടകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർപാപ്പ.

പിതാവിനെയും പുത്രനെയും നമ്മുടെ ഹൃദയങ്ങളിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് പരിശുദ്ധാത്മാവാണ്. ചലനാത്മകവും അക്ഷയവുമായ ഈ ദൈവിക ജീവൻ നാം ഉൾപ്പെടുന്ന വിശ്വാസ കൂട്ടായ്മയിലൂടെ നമുക്ക് ലഭിക്കുന്നു. അങ്ങനെ സഭ കൂട്ടായ്മയുടെ കൂദാശയായും സ്വർഗവും ഭൂമിയും സന്ധിക്കുന്ന, സ്നേഹവും ജീവനും പ്രദാനം ചെയ്യുന്ന കണ്ടുമുട്ടലിന്റെ ഇടമായും മാറുന്നു - ലിയോ പാപ്പാ പറഞ്ഞു.

തുടർന്ന്, അന്നേ ദിവസത്തെ സുവിശേഷ വായനയെ പരിശുദ്ധ പിതാവ് വിചിന്തന വിഷയമാക്കി. യേശുവിനാൽ അത്യധികം ആകർഷിക്കപ്പെട്ട് അവിടത്തെക്കുറിച്ച് കൂടുതൽ അറിയാനും മനസ്സിലാക്കാനുമായാണ് നിക്കൊദേമോസ് യേശുവിനെ സമീപിച്ചതെങ്കിലും, ആരും കാണാതിരിക്കാൻ അവൻ രാത്രിയിലാണ് വന്നത്.

എന്നിരുന്നാലും, യേശു അവനെ സ്വീകരിച്ചു. പ്രായപൂർത്തിയായ ഒരുവനുപോലും വീണ്ടും ജനിക്കാൻ സാധിക്കുമെന്നുള്ള യേശുവിൻ്റെ മറുപടി അവനെ വിസ്മയിപ്പിച്ചു. തൻ്റെ ജീവിതം രൂപാന്തരപ്പെടുത്താൻ ദൈവത്തിന് കഴിയുമെന്ന് നിക്കൊദേമോസ് അങ്ങനെ മനസിലാക്കി.

പരിശുദ്ധാത്മാവിനെക്കുറിച്ച് യേശു നിക്കൊദേമോസിനോട് സംസാരിച്ചപ്പോൾ അവൻ്റെ ഉള്ളിലെ അന്ധകാരം സത്യത്തിന്റെ പ്രഭയാൽ പൂരിതമായി. ഇന്ന് നാം ആഘോഷിക്കുന്ന ഈ തിരുനാളിലും അതേ സത്യമാണ് സഭയിൽ ആകമാനം പ്രതിധ്വനിക്കുന്നത്. ഇതാണ് ആ സത്യം: 'എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.
ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്. (യോഹന്നാന്‍ 3 : 16-17)

പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയിലുള്ള പങ്കുചേരൽ

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവത്തിൻ്റെ ദിവൃരഹസ്യത്തിൽ ഒരു കുടുംബത്തിലെന്നപോലെ നാം പങ്കുചേരാനാണ് നാം സൃഷ്ടിക്കപ്പെട്ടത്. യേശുവിൻ്റെ സന്നിധിയിൽ നിക്കൊദേമോസിനുണ്ടായ അനുഭവവും ഇതുതന്നെയാണ് - പാപ്പാ വിശദീകരിച്ചു.

ദൈവിക ജീവൻ നമ്മെ ഹഠാദാകർഷിക്കുന്നു. അസ്വസ്ഥമായ നമ്മുടെ ഹൃദയങ്ങളിൽ അത് സമാധാനം പകരുന്നു. ആത്മാവ് നൽകുന്ന ആനന്ദത്താൽ നിറഞ്ഞ് നമ്മുടെ സഹോദരീ സഹോദരന്മാരെ കണ്ടുമുട്ടാൻ അങ്ങനെ നമുക്ക് സാധിക്കുന്നു.
എല്ലാവരെയും എല്ലാറ്റിനെയും സ്നേഹിക്കാൻ പരിശുദ്ധ ത്രിത്വം നമ്മെ സഹായിക്കുന്നു. കാരണം, സൃഷ്ടിക്കപ്പെട്ട സകല വസ്തുക്കളും പരസ്പരമുള്ള കണ്ടുമുട്ടലിനും ബന്ധത്തിനും കൂട്ടായ്മയ്ക്കും വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്.

എന്നാൽ ഇതിനു വിപരീതമായി, ധ്രുവീകരണവും വിഭജനവും നമ്മെ ദുഃഖത്തിലേക്കും നാശത്തിലേക്കും ശൂന്യതയിലേക്കും നയിക്കും. കൂട്ടായ്മയുടെ ഈ ആത്മാവിനെ സ്വീകരിച്ചതിനാലാണ് യഹൂദ പ്രമാണിമാരുടെ സൻഹെദ്രീൻ സംഘത്തിൽ യേശുവിനെതിരായ വിദ്വേഷത്തിന്റെ വാക്കുകൾ ഉയർന്നപ്പോൾ, 'കേട്ടതിനു ശേഷം മാത്രം വിധിക്കുക' എന്നു പറയാൻ നിക്കൊദേമോസിനായത്. അതായത്, നിക്കൊദേമോസിൻ്റെ ഹൃദയത്തിന് പുതിയ സത്യങ്ങൾ സ്വീകരിക്കാനും യഥാർത്ഥ നവീകരണം പ്രാപിക്കാനും സാധിച്ചു.

കൂട്ടായ്മയുടെ ആത്മാവിനെ സ്വീകരിക്കാത്തവരെല്ലാം വേഗത്തിൽ വാർദ്ധക്യത്തിലെത്തുകയും ഹൃദയത്തിൽ സന്തോഷമില്ലാതെ ഏകാന്തത അനുഭവിക്കുകയും ചെയ്യും - പാപ്പാ വ്യക്തമാക്കി.

ഇന്ന് നമുക്ക് ആഘോഷത്തിന്റെ ദിവസമാണ്. കാരണം, ദൈവത്തിൻ്റെ ഈ തിരുനാൾ നമ്മുടേതും കൂടിയാണ്. പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹത്തോടുള്ള പ്രത്യുത്തരം മറിയത്തിൽ ഫലം ഉളവാക്കിയതുപോലെ നമ്മിലും സംഭവിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പമാരുടെ ഇതുവരെയുള്ള സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.