റമൈഷ് (ലെബനൻ): ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷത്തിൽ വെടിയൊച്ചകളും റോക്കറ്റ് ആക്രമണങ്ങളും ദിനംപ്രതി ഭീതി വിതയ്ക്കുന്ന തെക്കൻ ലെബനനിലെ റമൈഷ് ഗ്രാമം അസാധാരണമായ ഒരു പ്രാർത്ഥനയ്ക്ക് സാക്ഷിയായി. മരണത്തിന്റെ നിഴലിലും വിശ്വാസം കൈവിടാതെ അമ്പതിലധികം കുരുന്നുകൾ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ തങ്ങളുടെ ആത്മീയ ജീവിതത്തിലെ വലിയൊരു നാഴികക്കല്ല് പിന്നിട്ടു.
മെയ് 31 ന് നടന്ന ചടങ്ങുകൾക്ക് തൊട്ടുമുമ്പുള്ള ദിവസം രാവിലെയും ഗ്രാമത്തിൽ മിസൈലുകൾ പതിച്ചിരുന്നു. വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായതെന്ന് റമൈഷ് മുനിസിപ്പാലിറ്റി മേധാവി ഹന്ന അൽ-ആമിൽ പറഞ്ഞു. "ഞങ്ങളുടെ ഗ്രാമത്തിൽ സൈനിക സാന്നിധ്യമോ ആയുധങ്ങളോ ഇല്ല, ഞങ്ങൾക്ക് വേണ്ടത് സമാധാനമാണ്," അദേഹം വേദനയോടെ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒക്ടോബർ മുതൽ യുദ്ധത്തിന്റെ കെടുതികൾക്കിടയിലാണ് ഈ ഗ്രാമത്തിലെ ജനങ്ങൾ. സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് ചടങ്ങ് മാറ്റിവെക്കാൻ പലരും ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇടവക വികാരിയുടെ ഉറച്ച തീരുമാനമാണ് ഈ വിശുദ്ധ നിമിഷം യാഥാർത്ഥ്യമാക്കിയത്. സാധാരണ വർഷങ്ങളിൽ കാണാറുള്ള ആഘോഷങ്ങളോ വലിയ ഒത്തുചേരലുകളോ ഇല്ലാതെ അതീവ ലളിതമായാണ് ഇത്തവണ ചടങ്ങുകൾ പൂർത്തിയാക്കിയത്.
പലായനം ചെയ്തവർ പോയെങ്കിലും ബാക്കിയുള്ളവർ സ്വന്തം മണ്ണിൽ പ്രാർത്ഥനയോടെ അതിജീവിക്കുകയാണ്. മാർജായൂൺ ഉൾപ്പെടെയുള്ള സമീപത്തെ മറ്റ് ക്രൈസ്തവ ഗ്രാമങ്ങളും ആക്രമണങ്ങൾക്ക് ഇരയാകുമ്പോഴും റമൈഷിലെ ജനതയുടെ ഈ തീരുമാനം ലോകത്തിന് നൽകുന്നത് വലിയൊരു സന്ദേശമാണ്- യുദ്ധം കൊണ്ട് തകർക്കാൻ കഴിയാത്തത് വിശ്വാസത്തിന്റെ കരുത്താണെന്ന്.
ഭാവിയെക്കുറിച്ചുള്ള കടുത്ത ആശങ്കകൾക്കിടയിലും ആ കുരുന്നുകളുടെ പ്രാർത്ഥനകൾ റമൈഷിന്റെ ആകാശത്ത് സമാധാനത്തിന്റെ ഒരു കുഞ്ഞു വെളിച്ചമായി അണയാതെ നിൽക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.