സിഡ്‌നി: ജനനത്തിന് മുൻപുള്ള ലിംഗനിർണയത്തെ തുടർന്ന് നടക്കുന്ന ഗർഭഛിദ്രങ്ങൾ നിരോധിക്കണമെന്ന ആവശ്യവുമായി ന്യൂ സൗത്ത് വെയിൽസിൽ പ്രോ-ലൈഫ് സംഘടനകളുടെ വൻ പ്രതിഷേധം. സിഡ്‌നി പാർലമെന്റ് ഹൗസിന് മുന്നിൽ നടന്ന റാലിയിൽ ഗർഭസ്ഥ ശിശുക്കളുടെ ദൈവദത്തമായ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി വിശ്വാസികളും മനുഷ്യാവകാശ പ്രവർത്തകരും അണിനിരന്നു.
ലിബർട്ടേറിയൻ എം.എൽ.സി ജോൺ റുഡ്‌ഡിക് പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു റാലി. ഈ ആഴ്ച പാർലമെന്റിന്റെ ഉപരിസഭയിൽ ഈ വിഷയം ചർച്ച ചെയ്യാനിരിക്കുകയാണ്.
സിഡ്‌നി അതിരൂപത സഹായ മെത്രാൻ ടോണി പേഴ്സിയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയോടെയാണ് റാലി ആരംഭിച്ചത്. എല്ലാ കുഞ്ഞുങ്ങളിലും ദൈവത്തിന്റെ അത്ഭുതം കുടികൊള്ളുന്നുണ്ടെന്ന് അദേഹം ഓർമ്മിപ്പിച്ചു. കുഞ്ഞുങ്ങളുടെ ജീവൻ ലിംഗത്തിന്റെ പേരിൽ ഇല്ലാതാക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് വിശ്വാസി സമൂഹം ഒരേസ്വരത്തിൽ പറഞ്ഞു.
എഡിത്ത് കോവൻ, കർട്ടിൻ സർവകലാശാലകൾ നടത്തിയ പഠനത്തിൽ ന്യൂ സൗത്ത് വെയിൽസിലും വെസ്റ്റേൺ ഓസ്‌ട്രേലിയയിലും ജനന സമയത്ത് ആൺകുട്ടികളുടെ എണ്ണം സ്വാഭാവികമായ ജൈവിക നിലവാരത്തെക്കാൾ കൂടുതലായി കാണപ്പെടുന്നുണ്ട്. ഇത് ലിംഗനിർണയം നടത്തിയുള്ള ഗർഭഛിദ്രങ്ങൾ വ്യാപകമാണെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഗർഭസ്ഥ ശിശുക്കൾക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും സ്വന്തമായി ശബ്ദമില്ലാത്ത ആ കുഞ്ഞുങ്ങൾക്ക് വേണ്ടി സംസാരിക്കുകയെന്നത് തങ്ങളുടെ കടമയാണെന്നും റാലി ഓർഗനൈസർ ഡോ. ജോവാന ഹോവ് വ്യക്തമാക്കി.
പെൺകുട്ടികളായാലും ആൺകുട്ടികളായാലും എല്ലാവർക്കും തുല്യ മൂല്യമാണുള്ളതെന്ന് എം.എൽ.സി ജോൺ റുഡ്‌ഡിക് ഓർമിപ്പിച്ചു. ഗർഭസ്ഥ ശിശുക്കളെ ഇല്ലാതാക്കുന്നത് ആരോഗ്യപരിരക്ഷയല്ലെന്നും അത് മനുഷ്യ ജീവനോടുള്ള നിഷേധമാണെന്നും അദേഹം കൂട്ടിച്ചേർത്തു.
ഫെഡറൽ വൺ നേഷൻ എം.പി ബാർണബി ജോയ്സും റാലിയിൽ പങ്കെടുത്തു. തെറ്റായ ലിംഗത്തിന്റെ പേരിൽ ഒരു കുഞ്ഞിനെ ഇല്ലാതാക്കാൻ നിയമം അനുവദിക്കുന്നത് ധാർമ്മികമായി തെറ്റാണെന്നും അദേഹം ചൂണ്ടിക്കാട്ടി. ദൈവത്തിന്റെ വലിയ ദാനമായ ജീവൻ സംരക്ഷിക്കാൻ ഇത്തരം നിയമ നിർമാണങ്ങൾ അത്യാവശ്യമാണെന്ന ഉറച്ച ബോധ്യത്തോടെയാണ് വിശ്വാസികൾ പാർലമെന്റിന് മുന്നിൽ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
ജീവന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനും ജനിക്കാൻ പോകുന്ന ഓരോ കുഞ്ഞിനും ഈ ഭൂമിയിൽ അവകാശമുണ്ടെന്ന് ഉറപ്പുവരുത്താനും അധികൃതർ തയ്യാറാകണമെന്നാണ് ഈ റാലി നൽകുന്ന സന്ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.