താല്‍ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തല്‍ തടഞ്ഞ ഹൈക്കോടതി വിധി സര്‍ക്കാരിന്റെ മുഖത്തേറ്റ അടി: രമേശ് ചെന്നിത്തല

താല്‍ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തല്‍ തടഞ്ഞ ഹൈക്കോടതി വിധി സര്‍ക്കാരിന്റെ മുഖത്തേറ്റ അടി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ഉത്തരവുകള്‍ സ്റ്റേ ചെയ്ത ഹൈക്കോടതിയുടെ നടപടി പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ കനത്ത അടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പി.എസ്.സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ വഴിയാധാരമാക്കിക്കൊണ്ടാണ് സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കും മക്കള്‍ക്കുമെല്ലാം പിന്‍വാതിലിലൂടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നല്‍കിയതും അവരെ സ്ഥിരപ്പെടുത്തിയതുമെന്ന് ചെന്നിത്തല പറഞ്ഞു.

ഉമാദേവിക്കേസിലുണ്ടായ സുപ്രീംകോടതി വിധിയുടെ നഗ്‌നമായ ലംഘനം കൂടിയായിരുന്നു ഇത്. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ നോക്കുകുത്തിയാക്കി മാറ്റി രാഷ്ട്രീയ,വ്യക്തി പരിഗണന  വച്ച് നൂറുക്കണക്കിനാളുകള്‍ക്കാണ് ഈ സര്‍ക്കാര്‍ നിയമനം നല്‍കിയത്. പി.എസ്.സി പരീക്ഷകളുടെ എല്ലാ പ്രധാന്യവും പരിശുദ്ധിയും നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തവും ഈ സര്‍ക്കാരിനാണന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സമരം ചെയ്യുന്നവരുമായി യാതൊരു ചര്‍ച്ചയ്ക്കും തയാറല്ലെന്ന് പ്രഖ്യാപിക്കുകയും പിന്നീട് ഡിവൈഎഫ്‌ഐക്കാരെയും പൊലീസ് ഉദ്യോഗസ്ഥരെയും ചര്‍ച്ചയ്‌ക്കെന്ന പേരില്‍ അയയ്ക്കുകയും ചെയ്ത് ഉദ്യോഗാര്‍ത്ഥികളുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുകയും ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ഥികളുടെ സമരം പ്രതിപക്ഷ ഗൂഢാലോചനയാണെന്ന് വരെ സര്‍ക്കാര്‍ പറഞ്ഞു.

ചില മന്ത്രിമാര്‍ ഉദ്യോഗാര്‍ത്ഥികളെ അവഹേളിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു. സര്‍ക്കാരിന് കീഴിലുള്ള ഏതാണ്ട് എല്ലാ സ്ഥാപനങ്ങളിലും താല്‍ക്കാലികമായി ചിലരെ നിയമിക്കുകയും പിന്നീട് അവരെ സ്ഥിരപ്പെടുത്തുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. ഇതു തടഞ്ഞ ഹൈക്കോടതി നടപടിയിലൂടെ സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും ഒരിക്കല്‍ കൂടി ജനങ്ങളുടെ മുന്നില്‍ വെളിപ്പെടുകയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.